ഉത്ര വധക്കേസ് വിധി; കേരള സമൂഹം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം

By Web TeamFirst Published Oct 13, 2021, 7:54 AM IST
Highlights

ഉത്രയ്ക്ക് കുടുംബം വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണത്തിനു പുറമേ മറ്റു സ്വത്തുക്കളും കൂടി സ്വന്തമാക്കാനായിരുന്നു ദാരുണമായ കൊലപാതകം. സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്ന വിധി കൂടിയാണ് കേരള സമൂഹം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

കൊല്ലം: സ്ത്രീധനം (dowry)എന്ന ദുരാചാരത്തിന്‍റെയും ഇരയായി ആണ് കൊല്ലം അഞ്ചലിലെ ഉത്ര (Uthra murder case) കൊല്ലപ്പെടുന്നത്. ഉത്രയ്ക്ക് കുടുംബം വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണത്തിനു പുറമേ മറ്റു സ്വത്തുക്കളും കൂടി സ്വന്തമാക്കാനായിരുന്നു ദാരുണമായ കൊലപാതകം. സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്ന വിധി കൂടിയാണ് കേരള സമൂഹം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

നൂറു പവനിലേറെ സ്വര്‍ണവും ഏഴു ലക്ഷം രൂപയോളം വിലയുളള കാറുമെല്ലാം  സമ്മാനമായി നല്‍കിയാണ് വിജയസേനനും മണിമേഖലയും ഉത്രയെ സൂരജിന് വിവാഹം കഴിച്ചു നല്‍കിയത്. വിവാഹത്തിനു ശേഷം സൂരജിന്‍റെ അച്ഛന് വാഹനം വാങ്ങാനുളള പണം നല്‍കിയതും ഉത്രയുടെ കുടംബമായിരുന്നു. ഇതിനു പുറമേ പല കാര്യങ്ങള്‍ പറഞ്ഞ് സൂരജ് ഉത്രയുടെ വീട്ടില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ഉത്രയുടെ അമ്മയുടെ നാലു പവന്‍ വരുന്ന ആഭരണങ്ങളും കുഞ്ഞിന് സമ്മാനമായി ലഭിച്ച പന്ത്രണ്ടു പവനോളം സ്വര്‍ണവുമെല്ലാം തന്ത്രപൂര്‍വം സൂരജ് കൈക്കലാക്കി. മകളുടെ നല്ല ഭാവിയെ കരുതി അനിഷ്ടങ്ങളൊന്നുമില്ലാതെ ഉത്രയുടെ കുടുബം പണം നല്‍കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും സൂരജിന്‍റെ പണത്തോടുളള ആര്‍ത്തി അടങ്ങിയിരുന്നില്ല. ഉത്രയെ ഇല്ലാതാക്കി ഉത്രയുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ സൂരജ് തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം മറ്റൊരു വിവാഹം കഴിച്ച് വീണ്ടും സ്ത്രീധനം വാങ്ങണമെന്നും കൂടി തീരുമാനിച്ചുറപ്പിച്ചാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.

ഉത്രയുടെ കുടുംബം നല്‍കിയ സ്വര്‍ണത്തിന്‍റെ ഏറിയ പങ്കും സൂരജ് ധൂര്‍ത്തടിച്ചു കളഞ്ഞു. ഉത്രയുടെയും സൂരജിന്‍റെയും പേരില്‍ സംയുക്തമായാണ് ബാങ്ക് ലോക്കര്‍ തുറന്നതെങ്കിലും ഇതിന്‍റെ താക്കോല്‍ സൂരജിന്‍റെ പക്കലായിരുന്നു. അതുകൊണ്ട് തന്നെ ബാങ്കില്‍ നിന്ന് സ്വര്‍ണം സൂരജ് എടുത്ത് വിറ്റിരുന്നതും പണയം വച്ചിരുന്നതുമൊന്നും ആരും അറിഞ്ഞില്ല. ഈ സ്വര്‍ണത്തില്‍ കേവലം 38 പവന്‍ മാത്രമാണ് പൊലീസിന് കണ്ടെടുക്കാനായത്. അതും സൂരജിന്‍റെ വീട്ടില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ഉത്രയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയ കാര്‍ മാത്രമാണ് വീട്ടുകാര്‍ക്ക് കോടതിയില്‍ നിന്ന് വീണ്ടെടുക്കാനായത്. ബാക്കി ആഭരണങ്ങളെല്ലാം കേസിലെ പ്രധാന തൊണ്ടിമുതലുകള്‍ എന്ന നിലയില്‍ കോടതിയില്‍ തുടരുകയാണ്.

Read Also: കേരളത്തെ കരയിച്ച ആ കൊടും കുറ്റവാളിക്ക് ശിക്ഷ എന്ത്? ഉത്രവധക്കേസിൽ സൂരജിന്റെ വിധി ഇന്ന്

click me!