
കൊച്ചി: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്നും ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിനാകുന്നില്ലെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. ഷാൻ ബാബുവിന്‍റെ കൊലപാതകത്തിന് ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്കാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയത്തെ അരും കൊല സംസ്ഥാനത്തിന് അപമാനകരമാണ്. ഗുണ്ടാ സംഘങ്ങൾ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിനാകുന്നില്ല. ഗുണ്ട സംഘങ്ങളെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആഭ്യന്തര വകുപ്പിൻ്റെ നിലവിലെ ചുമതല ആർക്കാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസിനെ നിയന്ത്രിക്കാൻ ആളില്ല. പൊലീസിലെ ഉന്നതർ പറയുന്നത് ആരും അനുസരിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് ഇപ്പോൾ പതിവാണെന്നും വി ഡി സതീശൻ വിമര്‍ശിച്ചു.
Also Read: 'ഞാനൊരാളെ തീർത്തു'; ഷാൻ ബാബുവിനെ നിലത്തിട്ട ശേഷം അലറി വിളിച്ച് ജോമോൻ
പൊലീസിലെ കുറ്റകൃത്യങ്ങളും ഗണ്യമായി വർദ്ധിക്കുകയാണ്. ക്രിമിനലുകളെ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൻ്റെ പരിണിത ഫലമാണിത്. ഇങ്ങനെ പോയാൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു. സിൽവർ ലൈന്‍റെ കാര്യത്തില്‍ പൊതു സമൂഹം പറയുന്നത് സർക്കാർ കേൾക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതി നടപ്പാക്കരുതെന്ന് സമൂഹത്തിലെ 40 പ്രമുഖർ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇടതുപക്ഷ ബുദ്ധിജീവികൾ ആവശ്യപ്പെട്ടിട്ടും തിരുത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam