V D Satheesan : 'കേരള പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാർ'; ആലുവയിലെ തീവ്രവാദ പരാമർശം ചൂണ്ടികാട്ടി സതീശൻ

By Web TeamFirst Published Dec 13, 2021, 3:20 PM IST
Highlights

ആനി രാജയുടെയും ഡി രാജയുടെയും നിരീക്ഷണം ശരി വെക്കുന്നതാണ് റിമാൻഡ് റിപ്പോർട്ടിലെ തീവ്രവാദ പരാമർശമെന്നും സതീശൻ ചൂണ്ടികാട്ടി

കൊച്ചി: മൊഫിയ കേസിൽ (Mofia Case) സമരം ചെയ്ത കോൺ​ഗ്രസുകാ‍ർക്കെതിരായ (Congress Workers) റിമാൻഡ് റിപ്പോ‍ർട്ടിലെ തീവ്രവാദ പരാമ‍ർശത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഞങ്ങളുടെ പ്രവർത്തകരോട് അത് വേണ്ടെന്നും സംഘപരിവാർ മനസ് ഇവിടെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനി രാജയുടെയും ഡി രാജയുടെയും നിരീക്ഷണം ശരി വെക്കുന്നതാണ് റിമാൻഡ് റിപ്പോർട്ടിലെ തീവ്രവാദ പരാമർശമെന്നും സതീശൻ ചൂണ്ടികാട്ടി.

നേരത്തെ പൊലീസ് പരാമർശത്തിനെതിരെ കെ പി സി സി പ്രസിഡന്‍റ് (KPCC President) കെ സുധാകരൻ (K Sudhakaran) രംഗത്തെത്തിയിരുന്നു. മുസ്ലീം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന മത വെറി കോൺഗ്രസുകാരോട് വേണ്ടെന്ന് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു. ഇത് കേരളമാണെന്നും ഗുജറാത്തല്ലെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരള പൊലീസിന് ശമ്പളം നാഗ്പൂരിലെ കാര്യാലയത്തിൽ നിന്നല്ലെന്നും നിങ്ങൾ തിരുത്തുമെന്നും ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും കെ പി സി സി പ്രസിഡന്‍റ് കുറിച്ചിരുന്നു.

ഇത് കേരളം, മുസ്ലിം പേരായാൽ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ട; മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ? സുധാകരൻ

അതേസമയം റിമാൻഡ് റിപ്പോ‍ർട്ടിലെ തീവ്രവാദ പരാമ‍ർശത്തിന്‍റെ പേരിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ആലുവ സ്റ്റേഷനിലെ (Aluva Police Station) എസ്.ഐമാരായ ആ‍ർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഐജിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺ​ഗ്രസുകാ‍ർക്കെതിരെ തീവ്രവാദ പരാ‍മർശം നടത്തിയ രണ്ട് പൊലീസുകാ‍രെ സസ്പെൻഡ് ചെയ്തു

മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ‍്ഗ്രസ്  നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോ‍ർട്ടിൽ പരമാ‍ർശിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ട്  പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ,അനസ്, നജീബ്   എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു പൊലീസിന്‍റെ വിവാദമായ പരാമര്‍ശമുണ്ടായത്.

സമരത്തിനിടെ ഡിഐജിയുടെ കാര്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ ത‍‍ടഞ്ഞ് നാശനഷ്ടം വരുത്തിയിരുന്നു. ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടി. പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി 12 പേരെ പ്രതികളാക്കി കേസെടുത്തു. ഇതില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നില്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് ആരോപിക്കുന്നത്.

കെഎസ്‌യു ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ്  നജീബ്, ബൂത്ത് വൈസ് പ്രസിഡന‍്റ് അനസ് എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്ന്, നാല്, അഞ്ച് പ്രതികളാണിവർ. എടയപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസാണ് കേസിൽ രണ്ടാം പ്രതി. എടത്തല സ്വദേശി സഫ്‌വാനാണ് മൂന്നാം പ്രതി. 

പൊലീസിന്റെ ജലപീരങ്കിയുടെ മുകളില്‍ കയറി നിൽക്കുന്ന ചിത്രങ്ങള്‍ പ്രതികൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണം, ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിൽ ആരോപിച്ചിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകൾ എടുത്തിരുന്നു. അതിലൊന്നും തീവ്രവാദ ബന്ധം  ഉന്നയിച്ചിട്ടില്ല.  ഈ സാഹചര്യത്തില്‍ ഈ കേസില്‍ മാത്രം പൊലീസ് എന്തുകൊണ്ട് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കി എന്നതാണ് പ്രധാന ചോദ്യം.

click me!