
തിരുവനന്തപുരം: തൃക്കാക്കരയ്ക്ക് ശേഷം കോൺഗ്രസിൽ ക്യാപ്റ്റൻ ചർച്ചകളാണ്. ഉമ തോമസിന്റെ വിജയത്തോടെ വി ഡി സതീശനെ ക്യാപ്റ്റൻ ഒര്‍ജിനലെന്ന് പറഞ്ഞ് ആദ്യം വെടിപൊട്ടിച്ചത് ഹൈബി ഈഡൻ. മിന്നൽ ഡയലോഗ് രണ്ടാം നിര കോൺഗ്രസ് നേതാക്കൾ ഏറ്റെടുത്തു. പോസ്റ്റ് അപ്പോൾ തന്നെ വയറലാകുകയും ചെയ്തു. ആ വിളി ഏറ്റെടുത്തത് അനിൽ അക്കരയുൾപ്പടെ രണ്ടാം നിര നേതാക്കളാണ്. ഉമാതോമസിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതുൾപ്പടെ തെരഞ്ഞെടുപ്പിന്റെ പൂർണ്ണ ഉത്തരവാദിത്വം സതീശനായിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ഞെട്ടിക്കുകയും ചെയ്തു.
തോറ്റാൽ ഉത്തരവാദിത്വം തനിക്കാണെന്ന് പറഞ്ഞ് പടയ്ക്ക് പുറപ്പെട്ട സതീശന് അവകാശപ്പെട്ടതാണ് വിജയമെന്ന് വിലയിരുത്തി ക്യാപ്റ്റൻ വിളിക്ക് രാഷ്ട്രീയ നിരീക്ഷകരും പിന്തുണ നൽകി. എന്നാൽ സതീശന് ക്രഡിറ്റ് നൽകാൻ നേതാക്കൾ തയ്യാറായില്ല. കൂട്ടായ്മയുടെ വിജയമെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ലഘൂകരിച്ചപ്പോൾ എറണാകുളത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ജില്ലാക്കാരനായ സതീശന് ഉത്തരവാദിത്വം വരുന്നത് സ്വാഭാവികമെന്ന് പറഞ്ഞായിരുന്നു കെ മുരളീധരന്റെ ന്യായീകരണം. എന്നാൽ കൂട്ടായ്മയുടെ വിജയമെന്ന് പറഞ്ഞ് ക്യാപ്റ്റൻ വിളിയിലെ അപകടം തിരിച്ചറിഞ്ഞാണ് വി ഡി സതീശൻ പ്രതികരിച്ചത്.
സമാവാക്യങ്ങൾ പൊളിച്ചെഴുതിയ 2021ലെ നേതൃമാറ്റത്തിന് ശേഷം ഗ്രൂപ്പ് നേതാക്കൾ നിരന്തരം യുദ്ധത്തിലാണ്. പുനഃസംഘടനയിലുൾപ്പടെ സഹകരിക്കാതെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും നിരന്തരം കലഹം തുടരുകയാണ്. തൃക്കാക്കരയിൽ വോട്ട് കുറഞ്ഞാൽ പോലും സതീശന് മറുപടി പറയേണ്ടി വന്നേനെ. പ്രചാരണത്തിൽ സതീശൻ മാത്രമായിരുന്നു മുന്നിൽ. ആരോഗ്യ കാരണങ്ങളാൽ കെ പി സിസി പ്രസിഡന്റ കെ സുധാകരന് അവസാന ദിവസങ്ങളിൽ പ്രചാരണത്തിന് എത്താനായില്ല. മറ്റ് നേതാക്കൾ വന്ന് പോയതല്ലാതെ പ്രചാരണത്തിൽ പലരും പൂർണ്ണമായും ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. ഇത്രയും വലിയ ഭൂരിപക്ഷം നേതാക്കളാരും പ്രതീക്ഷിച്ചില്ലെന്നത് വ്യക്തമാണ്.
എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞാൽ സതീശൻ മറുപടി പറയേണ്ടി വന്നേനെ. പിണറായി-സതീശൻ പോരെന്ന് പറഞ്ഞ് തുടങ്ങിയതോടെ നേതാക്കൾ പലരും പിൻവലിഞ്ഞു. അതിനാൽ തൃക്കാക്കരയിലെ ജയം തീർച്ചയായും സതീശൻ്റെ ജയമാണ്.
കോൺഗ്രസ് ഹൈക്കമാൻഡ് എന്നും ജയിക്കുന്നവർക്കൊപ്പമാണ്. അതിനാൽ സതീശൻ ഇപ്പോൾ ശക്തനാണ്. വിജയിച്ച് വന്ന ഉമക്കൊപ്പമുള്ള ചെറുപ്പക്കാരായ നേതാക്കൾ നൽകുന്ന സന്ദേശവും മറ്റൊന്നല്ല. ഹൈബിയും ഷാഫിയും ബൽറാമും രാഹുലും അൻവർ സാദത്തും ജെബിയും അനിൽ അക്കരയും അടങ്ങുന്ന പുതുമുഖം സതീശനൊപ്പം കട്ടക്ക് നിൽക്കുകയാണ്. അതായത് രണ്ടാം നിര പൾസ് അറിഞ്ഞുമാറി.
ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് പറയുമ്പോഴും സതീശൻ്റെ കൈപ്പിടിയിലേക്ക് സംസ്ഥാന കോൺഗ്രസ് ഒതുങ്ങുകയാണ്. എല്ലായിടത്തും ഓടിയെത്താൻ കെ സുധാകരന് കഴിയുന്നില്ല. സതീശനിലേക്ക് ആളുകളെത്താൻ ഇതും കാരണമായി. ഇനിയാണ് സതീശൻ ക്യാപ്റ്റനാണോ എന്നറിയിക്കേണ്ടത്. സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് മാനേജർമാരാണോ സതീശനാണോ തീരുമാനിക്കുകയെന്നതാണ് വരും വസത്തെ ചോദ്യം. പാർട്ടി ഉണ്ടായാലേ ഗ്രൂപ്പ് ഉണ്ടാകൂവെന്ന ചിന്തയിലാണ് സതീശന് യുവാക്കൾക്കിടയിൽ സ്വീകാര്യത വരുന്നത്. ഈ തുറുപ്പ് ചീട്ട് തന്നെയാകും സംഘടനാ തെരഞ്ഞെടുപ്പിലും സതീശന് ഗുണമാകുക. അതിനാൽ നിലവിലെ ലക്ഷണം കണ്ടിട്ട് സതീശൻ ഭാരവാഹികളെ നിശ്ചയിക്കും. അതായത് സംസ്ഥാന കോൺഗ്രസിലെ ഒർജിനൽ ക്യാപ്റ്റൻ സതീശൻ തന്നെ.