
തിരുവനന്തപുരം: രാജ്യത്തിന്‍റെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെയെന്ന് ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനാധിപത്യം അരിയിട്ട് വാഴിക്കലുകളോ ഫോട്ടോ ഷൂട്ടുകളോ അല്ല. രാജ്യത്തിനുവേണ്ടി എന്ത് പുതുതായി നിർമ്മിച്ചാലും അത് ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ഉറപ്പിച്ചു കൊണ്ടാവണം. താനാണ് എല്ലാം എന്ന് ഒരാൾ വിചാരിക്കുന്നത് ഏകാധിപത്യമാണെന്നും സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ അർഥത്തിലും അത് ഭീരുത്വമാണ്. എന്നിലൂടെ എല്ലാം സംഭവിച്ചു, താൻ മാത്രമാണ് ഇതിനെല്ലാം കാരണഭൂതൻ എന്നൊരാൾ സ്വയം ധരിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്. നിർഭാഗ്യവശാൽ നരേന്ദ്ര മോദിയും അനുയായികളും ഇപ്പോൾ ചെയ്യുന്നത് ഇതൊക്കെയാണ്. ജനാധിപത്യ സഭകളിൽ രണ്ട് മഹദ് സാന്നിധ്യങ്ങളെ ഉള്ളൂ. ഒന്ന് ജനങ്ങൾ രണ്ടാമത്തേത് ഭരണഘടനയുമാണ്. പ്രണമിക്കേണ്ടത് അവയ്ക്ക് മുന്നിലാണ്.
സംഘപരിവാറിനോടും ഫാസിസത്തോടും പൊരുതാനും ഇന്ത്യയുടെ ഉന്നമനത്തിനായി സ്വയം സമർപ്പിക്കാനും ഗാന്ധിയേയും നെഹ്റുവിനേയും അവരുടെ പാതയിൽ സഞ്ചരിച്ച അസംഖ്യം ദേശസ്നേഹികളേയും ഓർക്കണം. ദേശസ്നേഹവും അതിതീവ്ര ദേശീയതയും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണ് ഇന്നെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂര്‍ത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 1200 കോടി രൂപ ചെലവിട്ട് നിർമിച്ച പാർലമെന്‍റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്‍റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam