
തിരുവനന്തപുരം: കേന്ദ്രത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും ഇന്ധനവില കുറയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (V D Satheesan). അധികവരുമാനം വേണ്ടെന്ന് സര്‍ക്കാര്‍ വയ്ക്കണം. കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണ്. നികുതി കൂട്ടിയപ്പോഴുണ്ടായ അധികവരുമാനം മറച്ചുവയ്ക്കുന്നു. 6000 കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായത്. ഈ അധികവരുമാനം സംസ്ഥാനം വേണ്ടെന്ന് വയ്ക്കണം. എന്നാല്‍ മാത്രമേ നിത്യോപയോഗ സാധനങ്ങളുടെ വില കുറയു. വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയ പരജായമെന്നും സതീശന്‍ കുറ്റപ്പെടുത്തി. തൃക്കാക്കരയില്‍ തൊണ്ണൂറ്റിയൊന്‍പത് നൂറാക്കാന്‍ നടക്കുകയാണ്, എന്നാല്‍ നൂറായത് തക്കാളിയുടെ വിലയാണെന്നും സതീശന്‍ പരിഹസിച്ചു.
ഇന്ധന വില വർധനക്ക് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ചുമത്തുന്ന ഉയർന്ന നികുതിയാണെന്ന വിമർശനങ്ങൾക്ക് പിന്നാലെ നികുതിയിൽ കേന്ദ്ര സർക്കാർ ഇന്നലെ വലിയ കുറവുവരുത്തി. നവംബർ നാലിന് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചതിന് ശേഷം ആറ് മാസമാകുമ്പോൾ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കേന്ദ്ര സർക്കാർ കുറച്ചു. സമീപകാലത്തൊന്നുമില്ലാത്ത വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നികുതി കുറച്ചത്. നികുതിയിളവ് നൽകിയിതിലൂടെ കേന്ദ്ര സർക്കാരിന് പ്രതിവർഷം ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ഇനി സംസ്ഥാന സർക്കാറുകൾ ഈടാക്കുന്ന നികുതി കുറക്കുമോ എന്നതിലേക്കാണ് ജനം ഉറ്റുനോക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam