മൂർച്ചയുള്ള നാവ്, തേച്ചുമിനുക്കിയ ചിന്ത, പ്രതിപക്ഷത്തെ ഇനി 'ഡൈനാമിക് സതീശൻ' നയിക്കും

By Web TeamFirst Published May 22, 2021, 11:02 AM IST
Highlights

സംസ്ഥാനമെമ്പാടും ഓടിനടന്ന് പ്രസംഗ മല്‍സരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്‍റെ തുടര്‍ച്ചയാണ് കൊച്ചി നെട്ടൂര്‍ സ്വദേശിയായ ഈ നേതാവിന്‍റെ രാഷ്ട്രീയ ജീവിതം.

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ്. ഭരണത്തുടർച്ചയുമായി രാഷ്ട്രീയ വിജയത്തിന്‍റെ അത്യുന്നതിയിൽ നിൽക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കലും പുതിയ പ്രതിപക്ഷ നേതാവിന് മുന്നിലെ വെല്ലുവിളിയാണ്.

മൂര്‍ച്ചയുളള നാവും തേച്ചു മിനുക്കിയ ചിന്തയുമാണ് സമകാലികരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വി ഡി സതീശനെ എന്നും വേറിട്ടു നിര്‍ത്തിയത്. സംസ്ഥാനമെമ്പാടും ഓടിനടന്ന് പ്രസംഗ മല്‍സരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്‍റെ തുടര്‍ച്ചയാണ് കൊച്ചി നെട്ടൂര്‍ സ്വദേശിയായ ഈ നേതാവിന്‍റെ രാഷ്ട്രീയ ജീവിതം. 

1996-ല്‍ വടക്കന്‍ പറവൂരില്‍ തോറ്റു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് ജീവിതത്തിന്‍റെ തുടക്കം. പക്ഷേ ഒരിക്കല്‍ തോല്‍പ്പിച്ച നാടിന്‍റെയാകെ ഹൃദയം കവര്‍ന്ന സതീശന്‍ 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്‍റെ പര്യായമായി. കോൺഗ്രസിന്‍റെയെന്നല്ല, മുന്നണിയ്ക്ക് അതീതമായി തലയെടുപ്പുളള നേതാക്കള്‍ ഏറെ പേര്‍ സഭയിലുണ്ടായിരുന്ന കാലത്തും ആഴത്തിലുളള അറിവു കൊണ്ടും അളന്നു കുറിച്ച വാക്കുകള്‍ കൊണ്ടും സഭയിലെ ഐക്യമുന്നണിയുടെ മുഖമായി സതീശൻ. സതീശന്‍റെ നാവിന്‍റെ മൂർച്ചയറിഞ്ഞ എതിരാളികളുടെ പട്ടിക വി എസ് അച്യുതാനന്ദൻ മുതല്‍ എം സ്വരാജ് വരെ നീളും.

ആശയ സമ്പന്നനായ കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും പാര്‍ട്ടിയിലെ തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഒരിക്കലും മടിച്ചിട്ടില്ല സതീശന്‍. ഹരിത രാഷ്ട്രീയം പറഞ്ഞും, സമുദായ സംഘടനകളോടു അമിത വിധേയത്വം പുലര്‍ത്തുന്ന നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടിയുമെല്ലാം കോണ്‍ഗ്രസിനു പുറത്തും ആരാധകവൃന്ദത്തെ രൂപപ്പെടുത്താന്‍ കുറഞ്ഞ കാലം കൊണ്ട്  സതീശനായി. നിലപാടുകളിലെ ഈ സ്ഥൈര്യം തന്നെയാണ് വമ്പന്‍ പരാജയത്തിനു പിന്നാലെ ഗ്രൂപ്പുവ്യത്യാസങ്ങള്‍ മറന്ന് സതീശനായി  മുറവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസുകാരെ പ്രേരിപ്പിച്ചതും. 

രാഷ്ട്രീയ ശൈശവം മുതല്‍ സംരക്ഷണമൊരുക്കിയ രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാണ്  സതീശനെ പാര്‍ട്ടി നേതൃത്വം പുതിയ ചുമതലയേല്‍പ്പിക്കുന്നതെന്നതും ശ്രദ്ധേയം.  കൂടുതല്‍ കരുത്തനായ പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാളയത്തിലെ പടയെ കൂടി പ്രതിരോധിക്കാനാവുന്നിടത്താകും വി ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന്‍റെ വിജയം. 

click me!