'ആ ഉന്നതരിൽ ഞാനില്ല'; വിജിലൻസ് റിപ്പോർട്ടിനെ കുറിച്ച് ഇബ്രാഹിം കുഞ്ഞ്

By Web TeamFirst Published Sep 23, 2019, 6:44 PM IST
Highlights

പാലാരിവട്ടം അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന വിജിലൻസിന്റെ റിപ്പോർട്ട് തന്നെ കുറിച്ച് ആകില്ലെന്ന് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

കൊച്ചി: പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന വിജിലൻസ് റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് രം​ഗത്ത്. വിജിലൻസിന്റെ റിപ്പോർട്ട് തന്നെക്കുറിച്ച് ആകില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. വിജിലൻസിന്റെ നീക്കത്തിൽ ആശങ്കയില്ലെന്നും ചേദ്യം ചെയ്യലിന് വിളിപ്പിച്ചാൽ വീണ്ടും ഹാജരാകുമെന്നും  ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.

പാലാരിവട്ടം പാലം കേസിൽ അന്വേഷണവുമായി സഹകരിക്കും. അഴിമതിയിൽ പങ്കുള്ളവരുടെ പേര് കരാറുകാന് അറിയാമെങ്കിൽ പറയട്ടെ എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കരാറുകാരൻ സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അഴിമതിയിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാണിച്ചിരിക്കുന്ന്. 

സുമിത് ​ഗോയലിന് അഴിമതിയിൽ പങ്കുള്ള നേതാക്കൾ ആരോക്കെയാണെന്ന് അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നതായും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടില്‍ വിജിലന്‍സ് പറഞ്ഞിരുന്നു.

പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി സംശയിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് വിശദാംശങ്ങളും വിജിലന്‍സിന്‍റെ പക്കലുണ്ട്. ഇവയില്‍ അന്വേഷണം നടത്തിവരികയാണെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

Read More:'ആ പേരുകൾ സുമിത് ഗോയലിന് അറിയാം'; ഉന്നത നേതാക്കള്‍ക്ക് പാലാരിവട്ടം അഴിമതിയിൽ പങ്കെന്ന് വിജിലൻസ്

അതേസമയം, വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്.  റിമാന്‍റിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, വികെ ഇബ്രാഹിം കുഞ്ഞിനെതിരെ  മൊഴി നൽകിയ പശ്ചാത്തലത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. പാലം അഴിമതിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വൈരുധ്യങ്ങള്‍ നിറഞ്ഞ മറുപടിയായിരുന്നു കഴിഞ്ഞദിവസം ഇബ്രാഹിം കുഞ്ഞ് നല്‍കിയത്. 
 

click me!