
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ആളുകൾ വന്നതുകൊണ്ട് മാത്രം തിരുത്തൽ ആകില്ലെന്ന് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. പാർട്ടിയിൽ തിരുത്തൽ വേണ്ടത് നയങ്ങളിലും നിലപാടുകളിലുമാണെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. ഒരാൾ നിർദ്ദേശിക്കുകയും ബാക്കിയുള്ളവർ അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വം പി ജയരാജനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു. ഇഡി നടപടിയിൽ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ പിണറായിക്ക് കഴിഞ്ഞിട്ടില്ല. പുറത്ത് പറയാൻ കഴിയാത്ത ചില കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
വിശാല സംസ്ഥാന സമിതിയുടെ മാതൃകയിൽ താഴേത്തട്ടിലും പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിനും സമിതിക്കും പിന്നാലെ ജില്ലാതലത്തിലും മാറ്റങ്ങളുണ്ടാകും. വിശാല ജില്ലാ സമിതികൾ ചേരും. കണ്ണൂരിൽ പ്രധാന മാറ്റം പ്രതിഫലിക്കാൻ സാധ്യതയുണ്ട്. കണ്ണൂർ ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണിക്കാണ് സാധ്യതയുള്ളത്. ഇതുസംബന്ധിച്ചു ജില്ലാതലത്തിലെ വിശാല യോഗങ്ങൾക്ക് പിന്നാലെ തീരുമാനം ഉണ്ടായേക്കും. ഒക്ടോബർ അവസാനത്തോടെ എല്ലാ ജില്ലകളിലും വിപുലീകൃത ജില്ലാ കമ്മിറ്റികൾ യോഗം ചേരും. കണ്ണൂരും ആലപ്പുഴയും അടക്കം പല ജില്ലകളിലും തിരുത്തലിനാണ് നീക്കം. നിലവിൽ മാറ്റിനിർത്തപ്പെട്ട നേതാക്കളെ കമ്മിറ്റികളിൽ ഉൾക്കൊള്ളിക്കാനാണ് നീക്കം. പ്രാദേശിക പ്രശ്നങ്ങളിൽ സമവായ ശ്രമം ഉണ്ടാകും. കളങ്കിതരെ സംരക്ഷിക്കരുത് എന്ന വാദം കമ്മറ്റികളിൽ ഉയരും. അങ്ങനെയെങ്കിൽ ചില പ്രാദേശിക നേതാക്കൾക്ക് തിരിച്ചടിയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam