വിജയിച്ചശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചെന്ന് വി കുഞ്ഞികൃഷ്ണൻ; 'രക്തസാക്ഷി കുടുംബങ്ങൾ തനിക്ക് വോട്ട് ചെയ്തു'

Published : May 05, 2026, 03:09 PM ISTUpdated : May 05, 2026, 03:24 PM IST
kunjikrishnan

Synopsis

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതികരണവുമായി സിപിഎം വിട്ട വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി കുടുംബങ്ങൾ ഉൾപ്പെടെ തനിക്ക് വോട്ട് ചെയ്തെന്നും വിജയിച്ചശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. 

കണ്ണൂർ: സിപിഎം തിരുത്തലിന് തയ്യാറായില്ലെങ്കിൽ കേരളം ബംഗാൾ ആകുമെന്ന് വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി കുടുംബങ്ങൾ ഉൾപ്പെടെ തനിക്ക് വോട്ട് ചെയ്തു. വിജയിച്ചശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുക അസാധ്യമായിരുന്നുവെന്നും താൻ ഉന്നയിച്ച വിഷയം ശരിയാണെന്ന് ബോധ്യമായിരുന്നു വോട്ടർമാർക്കെന്നും വി കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അടിയൊഴുക്ക് ഇത്രത്തോളം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഒന്നാം റൗണ്ട് എണ്ണിയപ്പോൾ തന്നെ സൂചന കിട്ടിയിരുന്നു. എല്ലാ പഞ്ചായത്തിലും പ്രതീക്ഷിച്ചതിലും വോട്ട് കിട്ടി. ധനരാജിന്റെ നാട്ടിൽ മൂവായിരത്തിലധികം വോട്ടിന് ലീഡ് കിട്ടിയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. 

കുഞ്ഞികൃഷ്ണൻ ആദ്യം വെടി പൊട്ടിച്ചത് ഏഷ്യാനെറ്റ് ന്യൂസിൽ, സിപിഎമ്മിന്റെ തകർച്ചയുടെ ആദ്യ സൈറൺ

പയ്യന്നൂരിൽ സിപിഎമ്മിനെ അട്ടിമറിച്ച വി. കുഞ്ഞികൃഷ്ണൻ വിമത സ്വരം ഉയർത്തി രം​ഗത്തെത്തിയത് ഏഷ്യാനെറ്റ് ന്യൂസിലൂടെ. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ എക്സിക്യൂട്ടൂവ് എഡിറ്റർ വിനു വി. ജോണിന് നൽകിയ അഭിമുഖത്തിലായിരുന്നു ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പരസ്യമായി ഉയർത്തിയത്. എംഎൽഎ ടിഐ മധുസൂദനനെതിരെയായിരുന്നു ആരോപണം. 2026 ജനുവരി 26-നാണ് ഈ അഭിമുഖം സംപ്രേഷണം ചെയ്തത്. രക്തസാക്ഷി ഫണ്ട് തട്ടിയെന്നും കൃത്യമായി കണക്ക് അവതരിപ്പിച്ചില്ലെന്നും ചോദ്യമുന്നയിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണുണ്ടായതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

പ്രതിരോധവുമായി സിപിഎം രം​ഗത്തെത്തിയതോടെ പാർട്ടി ഓഫിസ് നിർമാണ ഫണ്ട് തട്ടിപ്പ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ഫണ്ട് തട്ടിപ്പ് എന്നിവ ഉയർത്തി സജീവമായി. പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന കാരണത്താൽ കുഞ്ഞികൃഷ്ണനെതിരെ സി.പി.എം നടപടിയെടുത്തു. തെരഞ്ഞെടുപ്പ് അടുത്തതോടെ കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുയർന്നു. ഇതോടെ പിന്തുണ നൽകാൻ യുഡിഎഫ് തയാറായതോടെ പയ്യന്നൂരിൽ അദ്ദേഹം സ്ഥാനാർഥിയായി.

പോളിങ് കഴിഞ്ഞപ്പോഴും യുഡിഎഫ് വലിയ പ്രതീക്ഷ വെച്ചിരുന്നില്ല. ഭൂരിപക്ഷം കുറയ്ക്കാമെന്നല്ലാതെ അട്ടിമറി ജയമുണ്ടാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ വീടിന് നേരെ ആക്രമണവും ഉണ്ടായി. എന്നാൽ, എല്ലാ പ്രതീക്ഷകളെയും കാറ്റിൽപ്പറത്തി കുഞ്ഞികൃഷ്ണൻ വിജയം കുറിച്ചു. 49,780 വോട്ടുകളാണ് കുഞ്ഞികൃഷ്ണൻ നേടിയത്. ടിഐ മധുസൂദനൻ ആകട്ടെ 69153 വോട്ടും നേടി. 7487 വോട്ടിന്റെ ഭൂരിക്ഷമാണ് ലഭിച്ചത്. കുഞ്ഞികൃഷ്ണന്റെ വിജയം സിപിഎമ്മിന് ചില്ലറ തലവേ​ദനയൊന്നുമല്ല സൃഷ്ടിക്കുക. പാർട്ടിയിൽ നിരവധി ചർച്ചകൾക്ക് വഴിവെക്കുന്നതായിരിക്കും പയ്യന്നൂരിലെ തോൽവി. നേതൃത്വം എന്ത് മറുപടി പറയുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരൊക്കെയാകും ലീഗ് മന്ത്രിമാർ? കുഞ്ഞാലിക്കുട്ടി അടക്കം 8 പേരുകൾ പരിഗണനയിൽ; ഉപമുഖ്യമന്ത്രി സ്ഥാനം തൽക്കാലം ആവശ്യപ്പെടില്ല
വോട്ട് വിഹിതം ഉയർത്തി യുഡിഎഫ്, നേരിയ വർധനയുമായി എൻഡിഎ, കുത്തനെ ഇടിഞ്ഞ് എൽഡിഎഫ്; കണക്ക് ഇങ്ങനെ