
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടുള്ള എൽ ഡി എഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്‍റെ വക്കീൽ നോട്ടിസിന് വി കുഞ്ഞികൃഷ്ണൻ എം എൽ എയുടെ മറുപടി. താൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും കണക്കുകളിലും പൂർണ്ണമായും ഉറച്ചുനിൽക്കുന്നുവെന്നാണ് കുഞ്ഞികൃഷ്ണൻ അഭിഭാഷകൻ മുഖേന നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. ധൻരാജ് രക്തസാക്ഷി ഫണ്ട് പിരിവുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങളും കണക്കുകളും പൊതുജനങ്ങൾ അറിയണമെന്ന സദുദ്ദേശത്തോടു കൂടിയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും, തെളിവുകൾ സഹിതം ഇത് ബോധ്യപ്പെടുത്താൻ തയ്യാറാണെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. മധുസൂദനൻ അയച്ച നോട്ടീസിലെ കണക്കുകൾ തെറ്റാണെന്നും സത്യസന്ധമായ വിവരങ്ങളാണ് താൻ പുറത്തുവിട്ടിരിക്കുന്നതെന്നും മറുപടിയിൽ പറയുന്നു. കൂടാതെ തെരഞ്ഞെടുപ്പിലെ മധുസൂദനന്റെ തോൽവിക്ക് കാരണം താനല്ലെന്നും അദ്ദേഹം നോട്ടീസിൽ നിഷേധിച്ചു.
അതേസമയം കുഞ്ഞികൃഷ്ണന്‍റെ പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി ഐ മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോൽപ്പിച്ചതെന്നടക്കമുള്ള വാദങ്ങളുമായാണ് മധുസൂദനൻ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. മധുസൂദനന്‍റെ ഹർജിയിൽ കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. രക്ഷസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ വി കുഞ്ഞികൃഷ്ണൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടി ഐ മധുസൂദനൻ ആരോപിക്കുന്നത്. എന്നാൽ ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും മധുസൂദനൻ പറയുന്നു. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ കളങ്കിതനാണ് താൻ എന്ന് വരുത്തി തീർത്തു. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണമെന്നും ഹർജിയിൽ പറയുന്നു. അതേസമയം തിരഞ്ഞെടുപ്പ് വിധിക്കെതിരെ കോടതിയിൽ ആർക്കും കേസ് നൽകാൻ അവകാശമുണ്ടെന്നാണ് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചത്. എതിർ സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനന്‍റെ ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസ് കോടതിയുടെ മുന്നിലെത്തുമ്പോൾ കൃത്യമായ നിയമപരമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എക്കാലത്തും സി പി എം കോട്ടയായിരുന്ന പയ്യന്നൂരിൽ സിറ്റിംഗ് എം എൽ എ ആയിരുന്ന മദുസൂദനനെ എഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞികൃഷ്ണൻ മലർത്തിയടിച്ചത്. ധൻരാജ് രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പടക്കം ചോദ്യം ചെയ്ത കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് കുഞ്ഞികൃഷ്ണൻ പാർട്ടി കോട്ട പിളർത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam