ആഴക്കടൽ മത്സ്യബന്ധനം: കരാറിൽ ഏർപ്പെടാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിന് ആര് നൽകിയെന്ന് വി മുരളീധരൻ

By Web TeamFirst Published Feb 23, 2021, 12:45 PM IST
Highlights

മറ്റ് രാജ്യങ്ങളുമായി കരാർ ഏർപ്പെടാൻ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ അനുവാദം തേടണം.  ഒട്ടക പക്ഷിയുടെ നയമാണ് സംസ്ഥാന സർക്കാരിനെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ദില്ലി: സംസ്ഥാന സർക്കാർ കേരളത്തെ മുഴുവൻ വിറ്റ് തുലയ്ക്കാൻ ഉള്ള പദ്ധതികൾ ആണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആഴക്കടൽ മൽസ്യബന്ധന കരാറിൽ ഏർപ്പെടാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിന് ആര് നൽകി. മറ്റ് രാജ്യങ്ങളുമായി കരാർ ഏർപ്പെടാൻ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ അനുവാദം തേടണം.  ഒട്ടക പക്ഷിയുടെ നയമാണ് സംസ്ഥാന സർക്കാരിനെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

2019 ഒക്ടോബർ മാസം 3നാണ് ജ്യോതിലാൽ കരാറിൽ ഒപ്പിടാൻ ഇ എം സി സിയുടെ വിവരങ്ങൾ നൽകണം എന്ന് അഭ്യർഥിച്ചു കൊണ്ട് വിദേശ കാര്യ ജോയിന്റ് സെക്രട്ടറിക്ക് കത്തയയ്ക്കുന്നത്. ഒക്ടോബർ 21ന് ന്യൂയോർക് കോൺസുലേറ്റ് മറുപടി അയച്ചു. ഇ എം സി സി യുടെ വിശദാംശങ്ങളും വിശ്വാസ്യതയും കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ ആ സ്ഥാപനത്തിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല. മേൽവിലാസം വെർച്വൽ അഡ്രസ് മാത്രം ആണ്. സ്ഥാപനം എന്ന് വിശേഷിപ്പിക്കാൻ ഉള്ള ഒരു അടിസ്ഥാനവും ഇല്ലാത്ത സ്ഥാപനം ആണെന്ന് മറുപടി നൽകി.

സംസ്ഥാന സർക്കാർ കരാർ ഒപ്പിടുന്നത് ഈ മറുപടി ഒക്കെ വന്നതിന് ശേഷമാണ്. എംഒയു ഒപ്പിടുമ്പോൾ ഈ സ്ഥാപനം വ്യാജ സ്ഥാപനം ആണെന്ന് സർക്കാറിന് അറിയാമായിരുന്നു. കേരള സർക്കാരിലെ ഉന്നതർ ആയിട്ടുള്ളവരുടെ അറിവോട് കൂടിയാണ് ഇതൊക്കെ എന്ന് വ്യക്തമാണെന്നും വി മുരളീധരൻ ആരോപിച്ചു. 

അതേസമയം, വി മുരളീധരന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇഎംസിസി പ്രതികരിച്ചു. നിയമപരമായ എല്ലാ വിവരങ്ങളും സർക്കാരിന് നൽകിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന് അഭിഭാഷകർ മുഖേന കത്തയയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി. 
 

click me!