
കൊച്ചി: ഒബിസി മോർച്ചാ നേതാവ് രൺജിത്ത് കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് സംസ്ഥാനം വിട്ടു പോകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിൻ്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തിൽ സർക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി.മുരധീരൻ വിമർശിച്ചു.
ക്രിമിനൽ പശ്ചാത്തലമുളളവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഡിജിപിയുടെ നിർദേശം പക്ഷഭേദം കാണിക്കുന്നതാണ്. ക്രിമിനൽ സ്വഭാവുമുള്ല വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്പോൾ പാർട്ടിയും കക്ഷിയും നോക്കാതെ പട്ടിക തയ്യാറാക്കണമെന്നും പറഞ്ഞ വി.മുരളീധരൻ ഒരു സംഘടനയിൽ പെട്ടു എന്നത് കൊണ്ട് ആർ എസ് എസ്‌കാർ ക്രിമിനൽ ലിസ്റ്റിൽ പെടുമോയെന്നും ചോദിച്ചു.
രൺജിത്ത് വധക്കേസിലെ പ്രതികൾ കേരളം വിട്ടെന്ന് നേരത്തെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു. കൊലപാതകം നടന്നതിന് പിന്നാലെ ആലപ്പുഴയിൽ നിന്നും മറ്റുള്ള ജില്ലകൾ വഴി പ്രതികൾ രക്ഷപ്പെട്ടെന്ന വിവരം പൊലീസിൻ്റെ ജാഗ്രതക്കുറവിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.
രൺജിത്ത് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോൾ കൊലപാതകത്തിൽ പങ്കാളികളായ 12 പേരേയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. എസ്ഡിപിഐ പ്രവർത്തകരായ പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്ത് നിന്നും വലിയ രീതിയിൽ സഹായം ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ആദ്യം തമിഴ്നാട്ട് കേന്ദ്രീകരിച്ച് പ്രതികൾക്കായി നടത്തിയ അന്വേഷണം ഇപ്പോൾ കർണാടകയിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോണടക്കം ഡിജിറ്റൽ തെളിവുകളൊന്നുമില്ലാതെയാണ് രൺജിത്ത് വധക്കേസിൽ ആസൂത്രണം നടന്നതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. പ്രതികളെ എല്ലാവരേയും തിരിച്ചറിയാൻ സാധിച്ചെങ്കിലും കൊലപാതകത്തിന് ശേഷമുള്ള ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ ഇതു തടസമായി.
അതേസമയം ഷാൻ വധക്കേസിൽ അന്വേഷണം അതിവേഗം മുന്നോട്ട് പോകുകയാണ്. പ്രധാന പ്രതികളെല്ലാം ഇതിനോടകം പിടിയിലാവുകയും തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇനിയൊരാളെ കൂടി ഷാൻ വധക്കേസിൽ പിടിക്കാനുണ്ട് എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam