തട്ടിപ്പുകാർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥർ നൃത്തമാടുന്നു: മുരളീധരൻ, ക്രൈംബ്രാഞ്ച് അന്വേഷണം പോരെന്ന് സുരേന്ദ്രൻ

By Web TeamFirst Published Oct 2, 2021, 1:21 PM IST
Highlights

കള്ളന് കഞ്ഞി വെക്കുന്ന ഇടത് സർക്കാരിൻ്റെ കാവൽക്കാരനായി പ്രതിപക്ഷ നേതാവ് മാറിയെന്നും തട്ടിപ്പുകാർക്കൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥർ നൃത്തമാടുന്ന അവസ്ഥയാണെന്നും മുരളീധരൻ ആരോപിച്ചു.  

കൊച്ചി/പാലക്കാട്: പുരാവസ്തു തട്ടിപ്പുക്കേസ് പ്രതി മോൻസൻ മാവുങ്കലുമായി (monson mavungal) അടുപ്പമുള്ള പ്രവാസി വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ (V muraleedharan). മോൻസൻ ജോസഫിനെ പോലൊരു തട്ടിപ്പുകാരന് കാവൽ നിൽക്കുന്ന കേരള പൊലീസാണ് (Kerala Police) ജനത്തെ സംരക്ഷിക്കുമെന്ന് പറയുന്നതെന്ന് പരിഹസിച്ച വി.മുരളീധരൻ മോൻസൻ്റെ മ്യൂസിയത്തിലെ ചെമ്പോല കാട്ടിയാണ് ശബരിമലയിലെ നടപടിയെ സർക്കാർ ന്യായീകരിച്ചതെന്നും കുറ്റപ്പെടുത്തി. കള്ളന് കഞ്ഞി വെക്കുന്ന ഇടത് സർക്കാരിൻ്റെ കാവൽക്കാരനായി പ്രതിപക്ഷ നേതാവ് മാറിയെന്നും തട്ടിപ്പുകാർക്കൊപ്പം ചില പൊലീസ് ഉദ്യോഗസ്ഥർ നൃത്തമാടുന്ന അവസ്ഥയാണെന്നും മുരളീധരൻ ആരോപിച്ചു.  

അതേസമയം പുരാവസ്തു തട്ടിപ്പിൽ മോൻസനേയും സർക്കാരിനെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരിയെപ്പറ്റി അന്വേഷിക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കളെക്കുറിച്ചുള്ള അന്വേഷണം വേണ്ടെന്നത് ഒത്തുതീർപ്പാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. പുരാവസ്തു തട്ടിപ്പിൽ ബിജെപി ശക്തമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്നും ഈ സർക്കാരിനെ ആദ്യം മുതൽ നയിക്കുന്നത് ഇടനിലക്കാരികളാണെന്നും ആരോപിച്ചു. 

കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ പാലക്കാട് മങ്കരയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്താനെത്തിയതായിരുന്നു കെ.സുരേന്ദ്രൻ. ചേറ്റൂർ ശങ്കരൻ നായരെ കോൺ​ഗ്രസ് ക്രൂരമായി അവ​ഗണിച്ചെന്ന് സുരേന്ദ്രൻ പുഷ്പാർച്ചനയ്ക്ക് ശേഷം പറഞ്ഞു. സംസ്ഥാന സർക്കാരും അദ്ദേഹത്തിന് അർഹിച്ച ആദരം നൽകിയില്ല. ചേറ്റൂരിൻ്റെ സ്മാരകം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണം. കോൺഗ്രസ് നേതൃത്വത്തിൻ്റെ പരിതാപകരമായ അവസ്ഥയാണ് ചേറ്റൂരിൻ്റെ സ്മാരകം കാടുകയറിക്കിടക്കുന്നതിന് കാരണമെന്നും. കേരളത്തിൽ കോൺഗ്രസ് തകർന്നു തരിപ്പണമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

click me!