
തൃശൂർ: സ്റ്റേഷൻ പരിധിയിൽ ഒരു പെറ്റി കേസ് പോലുമില്ലെങ്കിലും തൃശൂർ (thrissur) വെള്ളിക്കുളങ്ങര പൊലീസ് (police) സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഒന്നാമനാണ് അജിത് കൊടകര (ajith kodakara). തന്റെ പേരിൽ പൊലീസ് ചാർത്തിയ റൗഡി പട്ടം മാറ്റി കിട്ടാൻ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും (dgp) പരാതി നൽകിയിരിക്കുകയാണ് അജിത്.
വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളം സ്വദേശിയാണ് അജിത് കൊടകര. വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ 2 വർഷ കാലയളവിലെ റൗഡി ലിസ്റ്റിലാണ് അജിത് കൊടകരയുടെ പേരുള്ളത്. വിവരാവകാശ നിയമപ്രകാരം വെള്ളിക്കുളങ്ങര സ്‌റ്റേഷനിൽ നിന്നു ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ ഇവിടെ അജിതിനെതിരെ ഒരൊറ്റ കേസ് പോലുമില്ലെന്ന് ഇതേ സ്റ്റേഷനിലെ തന്നെ രേഖകളിൽ ചൂണ്ടിക്കാട്ടുന്നു. റൗഡി ലിസ്റ്റിൽ ഉൾപെട്ടതോടെ നാട്ടുകാർക്കും വീട്ടുകാർക്കുമിടയിൽ തല ഉയർത്തി പിടിച്ചു നടക്കാനാകാത്ത അവസ്ഥയിലാണ് അജിത്.
പൊലീസിനെതിരെ നിരന്തരം പരാതി നൽകുന്നതിന്റെ പ്രതികാരമായാണ് തന്നെ റൗഡി പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് അജിതിന്റെ ആരോപണം. വെള്ളിക്കുളങ്ങര സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്കും ചാലക്കുടി ഡിവൈഎസ്പിക്കുമെതിരെ അജിത് നിരന്തരം പരാതികൾ നൽകിയിരുന്നു. കേരളത്തിൽ ആദ്യമായി പൊലീസുകാർക്കെതിരെ ഇഡി കേസെടുത്തത് അജിതിന്റെ പരാതിയിലായിരുന്നു. ഇതൊക്കെ മൂലം പൊലീസുകാർ വിരോധം തീർക്കുകയാണെന്ന് അജിത് പറയുന്നു.
അജിതിനെതിരെ വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കേസുകൾ ഇല്ലെങ്കിലും തൊട്ടടുത്ത കൊടകര സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത ഇരുചക്രവാഹനത്തിൽ മദ്യം കൊണ്ടു പോയ കേസിന്റെ അടിസ്ഥാനത്തിലാണ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ചട്ടപ്രകാരം നാലോ അതിലധികമോ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയാണ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുക. ഇവിടെ അതും ലംഘിക്കപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam