'വാളയാറിലെ കുഞ്ഞുങ്ങൾക്കായി ജ്വലിക്കട്ടെ പ്രതിഷേധം'; നീതി വേണമെന്ന് വി മുരളീധരന്‍

Published : Oct 28, 2019, 01:16 PM IST
'വാളയാറിലെ കുഞ്ഞുങ്ങൾക്കായി ജ്വലിക്കട്ടെ പ്രതിഷേധം'; നീതി വേണമെന്ന് വി മുരളീധരന്‍

Synopsis

 കളിച്ചുല്ലസിക്കേണ്ട പ്രായത്തിൽ കൊഴിഞ്ഞു പോയ ആ പിഞ്ചു മക്കൾക്ക് നീതി ലഭ്യമാക്കാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും നിരുത്തരവാദപരമായ സമീപനം മാറ്റി നീതി ലഭ്യമാക്കണം

ദില്ലി: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കഴുക്കോലിൽ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കേരള മനസാക്ഷിക്കു മുന്നിൽ നൊമ്പരച്ചിത്രമായി നിൽക്കുകയാണെന്നാണ് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.  

കളിച്ചുല്ലസിക്കേണ്ട പ്രായത്തിൽ കൊഴിഞ്ഞു പോയ ആ പിഞ്ചു മക്കൾക്ക് നീതി ലഭ്യമാക്കാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും നിരുത്തരവാദപരമായ സമീപനം മാറ്റി നീതി ലഭ്യമാക്കണം. ദരിദ്രർക്കും ദളിതർക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയെന്ന പേര് വാളയാറിൽ മറന്നത് പ്രതികൾ സ്വന്തം കൂട്ടരായതിനാലാണോ എന്നും മുരളീധരന്‍ ചോദിച്ചു.  

52 ദിവസത്തെ ഇടവേളയിൽ ഇളയവളും മരണത്തിലേക്ക് പോയത് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി തന്നെയാണ്. അത് ചെയ്തത് കുറ്റാരോപിതരെന്ന് തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്ന സെഷൻസ് കോടതിയുടെ നിരീക്ഷണം വിരൽ ചൂണ്ടുന്നത് സർക്കാരിന്റെ കഴിവുകേടിലേക്കാണ്.

വാളയാർ കേസിൽ പുനരന്വേഷണം ഉടൻ പ്രഖ്യാപിക്കാൻ പിണറായി വിജയൻ തയ്യാറാകണം. മൂന്നാം പ്രതി പ്രദീപിനു വേണ്ടി ഹാജരായ അഡ്വ.എൻ രാജേഷിനെ വിചാരണ വേളയിൽ ശിശുക്ഷേമ സമിതി ചെയർമാനായി നിയമിച്ചതും അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കഴുക്കോലിൽ തൂങ്ങിയാടുന്ന വാളയാറിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കേരള മനസാക്ഷിക്കു മുന്നിൽ നൊമ്പരച്ചിത്രമായി നിൽക്കുകയാണ്. അമ്മമാരുടെ മനസ് ആളിക്കത്തുകയാണ്. ജനരോഷം ഇരമ്പിയിട്ടും പുനരന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി മടിക്കുന്നത് ആരെ ഭയന്നാണ്? ശക്തമായ തെളിവുകളും പെൺകുട്ടികളുടെ അമ്മയുടെ മൊഴിയും വിചാരണ വേളയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതിരുന്ന അന്വേഷണ സംഘത്തിന്റെ പിടിപ്പുകേടിനെ ഇനിയും പാടിപ്പുകഴ്ത്തുകയാണോ സർക്കാർ ? കളിച്ചുല്ലസിക്കേണ്ട പ്രായത്തിൽ കൊഴിഞ്ഞു പോയ ആ പിഞ്ചു മക്കൾക്ക് നീതി ലഭ്യമാക്കാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും നിരുത്തരവാദപരമായ സമീപനം മാറ്റി നീതി ലഭ്യമാക്കണം. ദരിദ്രർക്കും ദളിതർക്കും വേണ്ടി നിലകൊള്ളുന്ന പാർട്ടിയെന്ന പേര് വാളയാറിൽ മറന്നത് പ്രതികൾ സ്വന്തം കൂട്ടരായതിനാലാണോ? പ്രതികൾക്കു വേണ്ടി ഒത്തുകളിച്ച പൊലീസിനും പ്രോസിക്യൂഷനുമെതിരെ നടപടിയെടുക്കാൻ മടിയെന്ത്? മൂത്ത കുട്ടിയുടെ ഓട്ടോപ്സിയിൽ ലൈംഗിക പീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും ആ വഴിക്ക് അന്വേഷണം പോകാതിരുന്നതും മനപൂർവ്വമാണ്. 52 ദിവസത്തെ ഇടവേളയിൽ ഇളയവളും മരണത്തിലേക്ക് പോയത് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി തന്നെയാണ്. അത് ചെയ്തത് കുറ്റാരോപിതരെന്ന് തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്ന സെഷൻസ് കോടതിയുടെ നിരീക്ഷണം വിരൽ ചൂണ്ടുന്നത് സർക്കാരിന്റെ കഴിവുകേടിലേക്കാണ്. വാളയാർ കേസിൽ പുനരന്വേഷണം ഉടൻ പ്രഖ്യാപിക്കാൻ പിണറായി വിജയൻ തയ്യാറാകണം. മൂന്നാം പ്രതി പ്രദീപിനു വേണ്ടി ഹാജരായ അഡ്വ.എൻ രാജേഷിനെ വിചാരണ വേളയിൽ ശിശുക്ഷേമ സമിതി ചെയർമാനായി നിയമിച്ചതും അന്വേഷണ പരിധിയിൽ വരണം. അപ്പീൽ പോകുന്നതിൽ മാത്രം ഒതുക്കി ആ കുഞ്ഞുങ്ങളെ ഇനിയും അനീതിയുടെ ഇരകളാക്കി സമൂഹത്തിന് മുന്നിൽ നിർത്തരുത്. ആർക്കു വേണ്ടി ഈ കേസ് അട്ടിമറിച്ചെന്നതിന്റെ ഉത്തരമറിയാൻ പുനരന്വേഷണം കൂടിയേ തീരൂ. നീതി കിട്ടും വരെ വാളയാറിലെ കുഞ്ഞുങ്ങൾക്കായി ജ്വലിക്കട്ടെ പ്രതിഷേധം.!! #justice_for_walayar_sisters

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക