'ആ ഉന്നതൻ സ്പീക്കറാണോ എന്നറിയില്ല, ആ ജാതകം നോക്കിയിട്ടില്ല', വി മുരളീധരൻ

By Web TeamFirst Published Dec 8, 2020, 12:57 PM IST
Highlights

കെ സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും, ഒരു ഭരണഘടനാപദവിയിൽ ഇരിക്കുന്നതിനാൽ തൽക്കാലം ഒന്നും പറയുന്നില്ലെന്നുമാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പറയുന്നത്.

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന ഗുരുതര ആരോപണമുന്നയിച്ച ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവന തള്ളാതെയും കൊള്ളാതെയും കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്തിൽ സ്പീക്കർക്ക് പങ്കുണ്ടോ ഇല്ലയോ എന്ന കാര്യം തനിക്കറിയില്ല. കെ സുരേന്ദ്രൻ പറഞ്ഞതെന്തെന്ന് സുരേന്ദ്രനോട് തന്നെ ചോദിക്കണം. താൻ ശ്രീരാമകൃഷ്ണന്‍റെ ജാതകം നോക്കിയിട്ടില്ലെന്നും വി മുരളീധരൻ പറയുന്നു. 

അന്വേഷണ ഏജൻസികളുടെയും കോടതിയുടെയും പരിഗണനയിലുള്ള കേസിനെ കുറിച്ച് കേന്ദ്ര സർക്കാർ പ്രതിനിധിയായ താനൊന്നും പറയുന്നില്ല എന്നാണ് വി മുരളീധരൻ പറയുന്നത്. കോൺഗ്രസിന്‍റെ പ്രസക്തി തന്നെ തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം നശിക്കുമെന്നും വി മുരളീധരൻ പറയുന്നു. യുഡിഎഫിന്‍റെ അജണ്ട ഇപ്പോൾ നിശ്ചയിക്കുന്നത് തന്നെ മുസ്ലിം ലീഗാണ്. ബിജെപി മികച്ച വിജയം നേടുമെന്നും വി മുരളീധരൻ. 

തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെയാണ് ​ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തുവന്നത്. സ്വ‍ർണക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. 

മന്ത്രിമാരും സ്പീക്കറും സ്വർണക്കടത്തിനായി സഹായങ്ങൾ നൽകിയിട്ടുണ്ട്. അധോലോക സം​ഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോ​ഗം ചെയ്തത് ഞെട്ടിക്കുന്നു. സ്പീക്കറുടെ വിദേശയാത്രകൾ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

Read more at: 'സ്വർണക്കടത്തിൽ സ്പീക്കർക്ക് നേരിട്ട് പങ്ക്'; വോട്ടെടുപ്പിനിടെ ഗുരുതര ആരോപണവുമായി സുരേന്ദ്രൻ

click me!