
ദില്ലി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎൽഎ ഒ രാജഗോപാൽ അനുകൂലിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് വി. മുരളീധരൻ. രാജഗോപാലിനോട് സംസാരിക്കണം. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ കാരണം എന്താണെന്ന് അറിയില്ല. കാർഷിക ഭേദഗതി നിയമത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് ഏറെ തലവേദനയായ സംഭവത്തിൽ ബിജെപി നേതാക്കളാരും കൃത്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രതികരണം.
സ്പീക്കർ തെരഞ്ഞെടുപ്പിൽ പി.ശ്രീരാമകൃഷ്ണൻ് അനുകൂലമായി വോട്ട് ചെയ്തതടക്കം രാജഗോപാലിൻറെ സഭയിലെ പല നടപടിയിലും ബിജെപി നേരത്തെ പ്രതിസന്ധിയിലായിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരായ സംയുക്ത പ്രമേയത്തിലും പാർട്ടി ഏക എംഎൽഎ എതിർപ്പ് രേഖപ്പെടുത്തിയില്ല. സഭക്ക് പുറത്തെ പാർട്ടി നിലപാട് സഭക്കുള്ളിൽ സ്വീകരിക്കുമ്പോോഴോക്കെ മുതിർന്ന നേതാവ് എന്ന പരിഗണന നൽകിയാണ് നേതൃത്വം വിവാദങ്ങൾ തീർത്തത്. എന്നാലിപ്പോൾ രാജ്യം തന്നെ ചർച്ച ചെയ്യുന്ന സുപ്രധാനവിഷയത്തിലാണ് കേന്ദ്ര സർക്കാറിനെ പോലും സമ്മർദ്ദത്തിലാക്കുന്ന നടപടി സ്വീകരിച്ചത്. എല്ലാം പരിശോധിച്ച് കേന്ദ്രവുമായി ആലോചിച്ച് തുടർനടപടി എന്നാണ് സംസ്ഥാന നേതൃത്വത്തിൻരെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam