
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി അതീവ ഗുരുതരമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് മാത്രമല്ല, ഗർഭം ധരിക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റവും ക്രിമിനൽകുറ്റവുമാണെന്ന് വി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ എഴുതിയ വിമർശനത്തിൽ പറഞ്ഞു.
'രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഒളിച്ചുകളിയാണ്. രാഹുലിനെ സസ്‌പെൻഡ് ചെയ്തു എന്ന് കോൺഗ്രസ് നേതൃത്വം മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും 'നാടകം' മാത്രമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. സസ്‌പെൻഷൻ പ്രഖ്യാപിക്കപ്പെട്ട വ്യക്തി തന്നെ കോൺഗ്രസിന്റെ ഔദ്യോഗിക വേദികളിലും, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായി നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. സസ്‌പെൻഷൻ നടപടി കടലാസിൽ മാത്രമാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് നേതാക്കൾ, സ്വന്തം എം.എൽ.എയ്ക്കെതിരെ ഇത്രയും നീചമായ ആരോപണം ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. കുറ്റാരോപിതനായ വ്യക്തിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? ഇത് കേരളത്തിലെ സ്ത്രീകളോടും വോട്ടർമാരോടും കാണിക്കുന്ന വെല്ലുവിളിയാണ്,' - ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam