'തരം കിട്ടിയാല്‍ കൂറ് മാറും': കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

Published : Mar 08, 2024, 03:46 PM IST
'തരം കിട്ടിയാല്‍ കൂറ് മാറും': കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

Synopsis

ഇരുട്ടി വെളുക്കുമ്പോഴേക്കും പാര്‍ട്ടി മാറുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം കൂടി വരികയാണ്. സ്വന്തം സഹോദരി ബിജെപിയിലേക്ക് പോകുന്നത് പോലും തടയാന്‍ കഴിയാത്ത നേതാവാണ് കെ മുരളീധരനെന്നും ശിവൻകുട്ടി.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥയായെന്ന് മന്ത്രി വി ശിവന്‍കുട്ടി. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ആറ്റിങ്ങല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

''വസ്ത്രം മാറുന്നതു പോലെയാണ് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ പാര്‍ട്ടി മാറുന്നത്. വാഗ്ദാനങ്ങള്‍ക്കും ഭീഷണിയ്ക്കും മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആകുന്നില്ല. ഇവര്‍ ജയിച്ചാലും മതനിരപേക്ഷ സഖ്യത്തിനൊപ്പം നില്‍ക്കണമെന്നില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് വളരാനുള്ള ശ്രമത്തിലാണ് ബിജെപി. കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ മിതത്വം പുലര്‍ത്തുന്നത് അതുകൊണ്ടാണ്. ഇരുട്ടി വെളുക്കുമ്പോഴേക്കും പാര്‍ട്ടി മാറുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം കൂടി വരികയാണ്. സ്വന്തം സഹോദരി ബിജെപിയിലേക്ക് പോകുന്നത് പോലും തടയാന്‍ കഴിയാത്ത നേതാവാണ് കെ മുരളീധരന്‍.'' നേതാക്കള്‍ മറുകണ്ടം ചാടുന്നത് തടയാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ആകുന്നില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും നേരിട്ട അവഗണനയാണ് പാര്‍ട്ടി വിടുന്നതിലേക്ക് എത്തിയതെന്ന് പത്മജ വേണുഗോപാല്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് പോകും. മൂന്ന് കൊല്ലം മുമ്പാണ് ഞാന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. തീരുമാനമെടുക്കും മുന്നേ ഒരുപാട് തവണ കെസി വേണുഗോപാലിനെ വിളിച്ചു. പക്ഷേ ഫോണ്‍ എടുത്തില്ലെന്നും പത്മജ പറഞ്ഞു. 

ഇലക്ഷന് വേണ്ടി പലരുടെയും അടുത്ത് നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ടെന്നും പത്മജ ആരോപിച്ചു. പ്രിയങ്കയുടെ പരിപാടിക്കായി എന്റെ കയ്യില്‍ നിന്നും പണം വാങ്ങി പറ്റിച്ചു. 50 ലക്ഷമാണ് ചോദിച്ചത്. 22 ലക്ഷം ഞാന്‍ നല്‍കി. അന്ന് പ്രിയങ്കക്കൊപ്പം വാഹന പര്യടനത്തില്‍ കയറേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റ് ചൂടായിയെന്നും പത്മജ പറഞ്ഞു. പ്രവര്‍ത്തന സ്വാതന്ത്രം മാത്രമാണ് ബിജെപിയോട് ആവശ്യപ്പെട്ടതെന്നും സീറ്റ് വാഗ്ദാനമൊന്നും ബിജെപി നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ മുരളീധരനെതിരെ പ്രചാരണത്തിന് ഇറങ്ങും. ഇനി കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും നേരിട്ടു. ആരും സഹായിക്കാനുണ്ടായില്ല. കെപിസിസി പ്രസിഡന്റിന് മുന്നില്‍ ഒരു ദിവസം പൊട്ടിക്കരയേണ്ടി വന്നിട്ടുണ്ട്. അത്രയേറെ അവഗണനയുണ്ടായി. കോണ്‍ഗ്രസില്‍ നിന്നും ഇനിയും കൊഴിഞ്ഞ് പോക്കുണ്ടാകുമെന്ന് ഉറപ്പാണെന്നും പത്മജ പറഞ്ഞു. 

ആലപ്പുഴയിൽ ഇനിയും സ‍ര്‍പ്രൈസോ? മാങ്കൂട്ടത്തിലിനെയും പരിഗണിക്കുന്നു, കോൺഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക രാത്രിയോടെ 
 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും