രാഹുൽ ഗാന്ധിയും, കെസി വേണുഗോപാലും ഒരു സംസ്ഥാനത്ത് മത്സരിക്കുന്നതാണ് എഐസിസിസി വിലയിരുത്തുന്നത്. വടകരയും തൃശൂരും ധാരണയായതിൽ മാറ്റമുണ്ടാകില്ലെന്ന് നേതാക്കൾ അറിയിച്ചത്. 

ദില്ലി : കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍‍ത്ഥിപ്പട്ടിക രാത്രിയോടെ പ്രഖ്യാപിച്ചേക്കും. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലും ധാരണയായെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും ഇന്നലെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ആലപ്പുഴ സീറ്റിലെ കെ.സിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായാണ് വിവരം. രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും ഒരു സംസ്ഥാനത്ത് മത്സരിക്കുന്നത് വേണോ എന്നാണ് ഐസിസിസി വിലയിരുത്തുന്നത്. ആലപ്പുഴയിൽ കെസി അല്ലെങ്കിൽ മറ്റാര് എന്നതും ച‍ര്‍ച്ച ചെയ്യുന്നുണ്ട്. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനേയും പരിഗണിക്കുന്നതായാണ് വിവരം. വടകരയിലും തൃശൂരിലുമുളള ധാരണയിൽ മാറ്റമുണ്ടാകില്ല. 

പത്മജാ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ, നേരിട്ടുള്ള മത്സരത്തിനാണ് മുരളീധരൻ ഒരുങ്ങുന്നത്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

മുരളി ഒഴിയുന്ന വടകരയിൽ കെ കെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിലെത്തും. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. കണ്ണൂരിൽ കെ സുധാകരനും വീണ്ടും മത്സരിക്കും. ഈഴവ-മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കാനാണ് നിലവിലെ ധാരണയെങ്കിലും രാഹുലും കെസിയും കേരളത്തിൽ മത്സരിക്കുന്നത് വേണോ എന്നാണ് എഐസിസി ചിന്തിക്കുന്നത്. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും.

തിരുവനന്തപുരത്ത്‌ ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബഹനാൻ, പാലക്കാട് വികെ ശ്രീകണ്ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവൻ, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിംഗ് എംപിമാർ വീണ്ടും മത്സരിക്കും. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിൽ ചിന്തയാണ് സർപ്രൈസ് സ്ഥാനാർത്ഥത്തിന് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിർദ്ദേശിച്ചത്. ടി എൻ പ്രതാപന് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകും.