
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വെല്ലുവിളിയുമായി മന്ത്രി വി. ശിവൻകുട്ടി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വന്ന് ബിജെപിക്കെതിരെ മത്സരിക്കാൻ വിഡി സതീശന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപിക്കെതിരെ പോരാടാൻ ആഗ്രഹമുണ്ടെങ്കിൽ നേമത്ത് വന്ന് അത് തെളിയിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. സംഘപരിവാറിനെതിരെ പോരാടുന്ന വലിയ 'യോദ്ധാവായി' സ്വയം ചമയാൻ പ്രതിപക്ഷ നേതാവ് നടത്തുന്ന ശ്രമങ്ങൾ കൗതുകകരമാണ്'- മന്ത്രി പരിഹസിച്ചു.
ബിജെപിയോടുള്ള മൃദുസമീപനവും കോൺഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളിൽ ഇരുന്നു വാചകക്കസർത്ത് നടത്തിയാൽ സംഘപരിവാർ വിരുദ്ധത തെളിയിക്കാനാവില്ല. യഥാർത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ മണ്ണിൽ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ, പ്രതിപക്ഷ നേതാവിനെ ഞാൻ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു- ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
വി.ഡി സതീശൻ ശരിക്കും ഒരു സംഘപരിവാർ വിരുദ്ധനാണെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഒരിക്കൽ വിജയിച്ച നേമം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം തയ്യാറാകണം. വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ, വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാൻ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളേക്കാൾ, നിലപാടുകൾ പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ള ആർജ്ജവമാണ് ഒരു നേതാവിന് വേണ്ടത്. വി ഡി സതീശൻ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്ളോസ് ചെയ്ത ബിജെപിയുടെ അക്കൗണ്ട് തുറക്കാൻ ഇടതുപക്ഷം അനുവദിക്കില്ല. വിജയിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിരിക്കും- മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam