നേമത്ത് പോര് കടുക്കുന്നു; 'പ്രോഗ്രസ് കാർഡ്' നിരത്തി ശിവൻകുട്ടി, ബിജെപി സ്ഥാനാര്‍ത്ഥിയെ തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

Published : Mar 15, 2026, 08:38 PM IST
Sivankutty

Synopsis

നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യ മേഖലകളിലെ നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ നേമത്ത് രാഷ്ട്രീയ ചൂടേറുന്നു. നേമം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥിയെ തുറന്ന ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. എൽഡിഎഫ് സർക്കാർ മണ്ഡലത്തിൽ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ മാറ്റങ്ങൾ എന്നിവ അദ്ദേഹം എണ്ണിപ്പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട നേമത്തെ വോട്ടർമാരെ, എന്റെ ഹൃദയം നിറഞ്ഞ നാട്ടുകാരെ,

കഴിഞ്ഞ കുറച്ചു കാലങ്ങളായി നേമം മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ച് ചില കേന്ദ്രങ്ങൾ ബോധപൂർവം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ. നുണപ്രചരണങ്ങൾ കൊണ്ട് വികസനക്കുതിപ്പിനെ തമസ്‌കരിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്. അതുകൊണ്ടുതന്നെ, രണ്ടായിരത്തി ഇരുപത്തിയൊന്ന് മുതൽ നമ്മൾ ഒരുമിച്ച് ഈ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങളുടെ കൃത്യമായ കണക്കുകൾ നിങ്ങളുടെ മുന്നിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

നേമത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത വിധത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇവിടെ സംഭവിച്ചത്. വിദ്യാഭ്യാസ മേഖല മുതൽ അടിസ്ഥാന സൗകര്യ വികസനം വരെ നീളുന്ന ബൃഹത്തായ പദ്ധതികളാണ് നമ്മൾ പൂർത്തിയാക്കിയതും നടന്നുകൊണ്ടിരിക്കുന്നതും. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നാം കൊണ്ടുവന്നത്. മണ്ഡലത്തിലെ 22 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി 97 കോടി രൂപയാണ് നാം അനുവദിച്ചത്. ചാലയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ.റ്റി.ഐ. കെട്ടിടവും പുത്തൻ തലമുറ കോഴ്‌സുകളും ആരംഭിക്കാൻ 18 കോടി രൂപ ചെലവഴിച്ചു. കമലേശ്വരം സ്‌കൂളിൽ നൈപുണ്യ വികസന കേന്ദ്രം യാഥാർത്ഥ്യമാക്കിയതിനൊപ്പം വാഴമുട്ടം സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനും നമുക്ക് സാധിച്ചു.

ആരോഗ്യ മേഖലയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. നേമം താലൂക്ക് ആശുപത്രി വികസനത്തിനായി 30 കോടി രൂപയും ഐരാണിമുട്ടം ഹോമിയോ കോളേജ് വികസനത്തിന് 14 കോടി രൂപയും നാം അനുവദിച്ചു. പൂജപ്പുര പഞ്ചകർമ്മ ആയുർവേദ ആശുപത്രി, ഹോസ്റ്റൽ മന്ദിരം എന്നിവയ്ക്കായി ഏകദേശം 13 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്.

യാത്രാസൗകര്യങ്ങളുടെ കാര്യത്തിലും നേമം ഇന്ന് ഏറെ മുന്നിലാണ്. മണ്ഡലത്തിലെ നൂറ്റി നാല് റോഡുകൾക്കായി ഇരുന്നൂറ്റി തൊണ്ണൂറ് കോടി രൂപയാണ് നാം നീക്കിവെച്ചത്. ഇതിൽ 20 വർഷമായി മുടങ്ങിക്കിടന്ന തിരുമല - തൃക്കണ്ണാപുരം റോഡ് വികസനം ഉൾപ്പെടുന്നുവെന്നത് ഏറെ അഭിമാനകരമാണ്. കല്ലാട്ടുമുക്കിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഏഴ് കോടി എൺപത്തിയേഴ് ലക്ഷം രൂപ മുടക്കി പുതിയ പദ്ധതി നടപ്പാക്കി. അതോടൊപ്പം അട്ടക്കുളങ്ങര - തിരുവല്ലം റോഡിന്റെ നവീകരണത്തിനായി നാല് കോടി രൂപയും, 7 പുതിയ പാലങ്ങൾക്കായി അറുപത്തിയെട്ട് കോടി തൊണ്ണൂറ്റി നാല് ലക്ഷം രൂപയും നാം ചെലവഴിച്ചു.

നേമം മണ്ഡലത്തിൽ 20 കോടി രൂപ ചെലവിൽ പുതിയ രജിസ്‌ട്രേഷൻ കോംപ്ലക്‌സ് യാഥാർത്ഥ്യമാക്കി. ആറ്റുകാൽ അർബൻ കമ്മ്യൂണിറ്റി സെന്റർ, സിവറേജ് പദ്ധതികൾ, സത്യൻ നഗറിലെ മൾട്ടി പർപ്പസ് സ്റ്റേഡിയം എന്നിവയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പൂർത്തിയായി. പരിസ്ഥിതി ജലസംരക്ഷണ മേഖലകളിൽ 15 കുളങ്ങൾ നവീകരിക്കുകയും മുട്ടാർ തോട്, കരമനയാർ, കിള്ളിയാർ എന്നിവയുടെ സംരക്ഷണത്തിനായി 27 കോടിയിലധികം രൂപ ചെലവഴിക്കുകയും ചെയ്തു.

ഈ അവസരത്തിൽ എനിക്ക് ബിജെപി നേതൃത്വത്തോടും ചിലത് ചോദിക്കാനുണ്ട്. രണ്ടായിരത്തി പതിനാറ് മുതൽ രണ്ടായിരത്തി ഇരുപത്തിയൊന്ന് വരെയുള്ള കാലയളവിൽ ഒരു ബിജെപി പ്രതിനിധിയായിരുന്നല്ലോ ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ആ അഞ്ചു വർഷം കൊണ്ട് നേമത്ത് എന്ത് വികസനമാണ് ഉണ്ടായതെന്ന് ജനങ്ങളോട് പറയാൻ നിങ്ങൾ തയ്യാറുണ്ടോ? അന്ന് നടന്ന വികസന പ്രവർത്തനങ്ങളും രണ്ടായിരത്തി ഇരുപത്തിയൊന്ന് മുതൽ രണ്ടായിരത്തി ഇരുപത്തിയെട്ട് വരെയുള്ള ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങളും തമ്മിൽ ഒരു തുറന്ന ചർച്ചയ്ക്ക് ഞാൻ ബിജെപി സ്ഥാനാർത്ഥിയെ ക്ഷണിക്കുകയാണ്. നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിങ്ങൾ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് ഇടതുപക്ഷം വിജയിച്ചപ്പോൾ നേമത്ത് കാണുന്ന ഈ വികസനക്കുതിപ്പ്. പ്രസംഗമല്ല പ്രവൃത്തിയാണ് വികസനമെന്ന് നേമത്തെ ജനങ്ങൾക്കറിയാം. ഈ വികസന രേഖയുമായി ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. നുണപ്രചരണങ്ങൾ കൊണ്ട് ഈ മുന്നേറ്റത്തെ തടയാൻ ആർക്കും കഴിയില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരയെ പുഴ 'വിഴുങ്ങുന്നു'; ആശങ്കയോടെ കുറ്റ്യാടി പുഴയോര നിവാസികള്‍
അങ്കത്തട്ട് ഒരുങ്ങി, കേരളത്തിലെ 14 ജില്ലകളിൽ എന്ത് സംഭവിക്കും? ഇക്കുറി വീറും വാശിയും കനക്കും; അധികാര കസേരയുടെ വിധി കുറിക്കാൻ 25 നാൾ മാത്രം