'ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതുപോലെ';  പശു ആലിം​ഗന ദിനത്തെ ട്രോളി മന്ത്രി ശിവൻകുട്ടി

By Web TeamFirst Published Feb 8, 2023, 6:11 PM IST
Highlights

ലോകമാകെ പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14ന് തന്നെ പശു ആലിം​ഗന ദിനമായി തെരഞ്ഞെടുത്തതിനെതിരെയാണ് സോഷ്യൽമീഡിയയിൽ വിമർശനം.

തിരുവനന്തപുരം: ഫെബ്രുവരി 14ന് കൗ ഹ​ഗ് ഡേ (പശു ആലിം​ഗന ദിനം) ആയി ആചരിക്കണമെന്ന കേന്ദ്ര മൃ​ഗസംരക്ഷണ ബോർഡിന്റെ നിർദേശത്തെ ട്രൊളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വലന്റൈൻസ് ദിനത്തിൽ പശു ആലിം​ഗന ദിനം ആചരിക്കണമെന്നാണ് കേന്ദ്ര മൃ​ഗസംരക്ഷണ ബോർഡ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചത്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും നിരവധി ട്രോളുകളാണ് വരുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച് ഹിറ്റായ നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘‘ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ...’’ എന്നും മന്ത്രി രം​ഗത്തോടൊപ്പം കുറിച്ചു. 

മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ‘പശു ആലിംഗന ദിന’ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ വിശദീകരണം. എന്നാൽ, ലോകമാകെ പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14ന് തന്നെ പശു ആലിം​ഗന ദിനമായി തെരഞ്ഞെടുത്തതിനെതിരെയാണ് സോഷ്യൽമീഡിയയിൽ വിമർശനം. ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഉത്തരവിൽ പറയുന്നത്. പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തി.

പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണം; സമൂഹത്തിൽ സന്തോഷമുണ്ടാക്കുമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് 

നേരത്തെ ചില സംഘടനകൾ വലന്റൈൻസ് ഡേ ആഘോഷത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് ചില സംഘനടകളുടെ നിലപാട്. 

click me!