Latest Videos

കൂട്ടിയതൊന്നും കുറയില്ല, ജനം പെടും; രാഹുല്‍ മോദി പോര്, പശുവും പ്രണയ ദിനവും, റിപ്പോയും കൂട്ടി- 10 വാര്‍ത്തകള്‍

By Web TeamFirst Published Feb 8, 2023, 5:55 PM IST
Highlights

ഇന്ത്യയിലേക്കുള്ള ഹിന്ദു തീർഥാടകരെ പാകിസ്ഥാൻ തടഞ്ഞുവെച്ചു, വാലന്‍റൈന്‍സ് ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യാനുള്ള ആഹ്വാനം,  റിപ്പോ നിരക്ക് കൂട്ടി- ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍‌ അറിയാം

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കമുള്ളവ പിന്‍വലിക്കില്ലെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതോടെ ജനം വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം തുറന്ന പോരിനിറങ്ങിയതോടെ വരും ദിവസങ്ങളില്‍ ഭരണ പ്രതിപക്ഷ പോര് രൂക്ഷമാകും. പാര്‍ലമെന്‍റിലും ഭരണ പ്രതിപക്ഷ പോര് കടുക്കുകയാണ്. പ്രധാനമന്ത്ര നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാഞ്ഞതോടെ രാഹുല്‍ നടത്തിയ പ്രസംഗം സഭാ രേഖകകളില്‍ നിന്നും നീക്കം ചെയ്തു. ഇന്ത്യയിലേക്കുള്ള ഹിന്ദു തീർഥാടകരെ പാകിസ്ഥാൻ തടഞ്ഞുവെച്ചതും, വാലന്‍റൈന്‍സ് ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യാനുള്ള ആഹ്വാനവും  റിപ്പോ നിരക്ക് കൂട്ടിയതുമടക്കം ഇന്നത്തെ പ്രധാന 10 വാര്‍ത്തകള്‍‌ അറിയാം

1. ബജറ്റിൽ കൂട്ടിയതൊന്നും കുറച്ചില്ല; ഇന്ധന സെസ് അടക്കം പിൻവലിക്കില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി

സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നൽകിയ ശേഷം നികുതി വർധനയുമായി മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭരണപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും ഇതോടെ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും. 

2. 'മുഖ്യമന്ത്രിക്ക് ഒരു നികുതിയും പിന്‍വലിക്കില്ലെന്ന പിടിവാശി,അധികാരത്തിന്‍റെ ഹുങ്കിൽ ആണ് ഭരണപക്ഷം'

ബജറ്റിലെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. നിയമസഭ ബഹിശ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് സര്‍ക്കാരിനെതിരെ ബാനറുകളുമായി പ്രതിഷേധിച്ചു.ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാരിന്  പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.  

3. ഇന്ത്യയിലേക്കുള്ള ഹിന്ദു തീർഥാടകരെ പാകിസ്ഥാൻ തടഞ്ഞുവെച്ചതായി റിപ്പോർട്ട്

ഇന്ത്യയിലേക്ക് യാത്ര തിരിച്ച 190 ഹിന്ദുക്കളെ പാകിസ്ഥാൻ അധികൃതർ തടഞ്ഞതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന 190 ഹിന്ദുക്കളുടെ ഇന്ത്യ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് യാത്രയിൽ നിന്ന് ഇവരെ പാകിസ്ഥാൻ അധികൃതർ തടഞ്ഞതെന്ന് മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

4. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളി അനുജന്‍റെ മേല്‍ പതിക്കാതെ കരവലയമൊരുക്കി 7 വയസുകാരി

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിന്‍റെ നേര്‍ചിത്രമായ സഹോദരങ്ങളുടെ ചിത്രം വൈറലാവുന്നു. പൊട്ടിവീണ കോണ്‍ക്രീറ്റ് കഷ്ണത്തിനടിയില്‍ സഹോദരന്‍റെ തലയ്ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും 7.8 തീവ്രതയുള്ള ഭൂകമ്പമാണ്  കഴിഞ്ഞ ദിവസമുണ്ടായത്. മേഖലയെ തന്നെ സാരമായ ബാധിച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 8300 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെയുണ്ടായ തുടര്‍ ചലനങ്ങളാണ് തുര്‍ക്കിയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കിയത്. 

5. മോദിക്കെതിരായ ആരോപണങ്ങൾക്ക് തെളിവ് നല്‍കിയില്ല, രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയുടെ രേഖകളിൽ നിന്ന് നീക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളിൽ നിന്ന് നീക്കി. ആരോപണങ്ങൾക്ക് രാഹുൽ തെളിവ് ഹാജരാക്കിയില്ല. പരാമർശങ്ങൾ നീക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയെന്ന് ലോക്സഭ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ലോക്സഭയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. അദാനി വിവാദത്തില്‍ ഇന്നും  പാര്‍ലമെന്‍റ്  പുകഞ്ഞു. പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടു.  

6. പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണം; സമൂഹത്തിൽ സന്തോഷമുണ്ടാക്കുമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ്

പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ്. കൗ ഹഗ്ഗ് ഡേ ആചരിക്കണമെന്നാണ് അഭ്യർത്ഥന. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തിൽ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പറയുന്നത്. ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്‍റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു.  

7. മുറിവുകള്‍ ഉണക്കാന്‍ കണ്‍മണിയെത്തി; ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നം  യാഥാർത്ഥ്യമായി.  

8. യുഎപിഎ കേസ്: എൻഐഎക്ക് തിരിച്ചടി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല; ഹർജി തള്ളി

പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി. ഒന്നാം പ്രതി അലൈൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കൊച്ചിയിലെ എൻഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്.

9. ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രി മാറ്റം ഉടനുണ്ടാകില്ല

ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു. തുടർ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

10. റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ബാങ്ക് വായ്പ പലിശ നിരക്കുകൾ ഉയരും

റിപ്പോ  നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കി. ഗവർണർ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചു, ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്.2022 ഡിസംബറിൽ റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്കിൽ  മാറ്റമില്ല. 3.35 ശതമാനത്തിൽ തുടരും. 

click me!