
തിരുവനന്തപുരം: ശാസ്ത്ര സത്യങ്ങൾ തുറന്നു പറഞ്ഞതിന് സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സർജറി തുടങ്ങിയവയ്ക്കൊക്കെ ശാസ്ത്രീയമായ ചരിത്രമുണ്ട്. ചരിത്രത്തെ നിരസിച്ച് മുന്നോട്ട് പോകുന്ന സമൂഹം അറിവിന്റെ വെളിച്ചത്തിലേയ്ക്കല്ല മറിച്ച് ഇരുട്ടിലേയ്ക്കാണ് പോകുകയെന്ന് ശിവൻകുട്ടി പറഞ്ഞു.
'പ്രശ്‌നങ്ങളെയും പ്രതിഭാസങ്ങളെയും ജിജ്ഞാസയോടെയും തുറന്ന മനസോടെയും തെളിവുകളെ അടിസ്ഥാനമാക്കി മനസ്സിലാക്കാനുള്ള അന്വേഷണത്തോടെയും സമീപിക്കുന്ന മനോഭാവമാണ് ശാസ്ത്രബോധം. അനുമാനങ്ങളെ ചോദ്യം ചെയ്യാനും തെറ്റിനെ വെല്ലുവിളിക്കാനും പുതിയ തെളിവുകൾ പുറത്തുവരുമ്പോൾ മാറ്റങ്ങളെ സ്വീകരിക്കാനുമുള്ള സന്നദ്ധത ഇതിൽ ഉൾപ്പെടുന്നു.' ഈ സമീപനം ശാസ്ത്ര പുരോഗതിയുടെ അടിത്തറയാണ്, നമ്മൾ ജീവിക്കുന്ന ലോകത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവുമാണെന്ന് മന്ത്രി പറഞ്ഞു.
'തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും കപടശാസ്ത്രവും നിറഞ്ഞ ഒരു ലോകത്ത്, ശാസ്ത്രീയ സാക്ഷരതയുള്ള ഒരു സമൂഹത്തിന് വസ്തുതയും കെട്ടുകഥയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയും. തീരുമാനങ്ങൾ കേവലം വിശ്വാസമോ കഥയോ അല്ലാതെ വിശ്വസനീയമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കാൻ ആകും. ചെറുപ്പം മുതലേ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിൽ വിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ശാസ്ത്ര സത്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളെ പഠിപ്പിച്ച് വരികയാണ്.' എൻസിഇആർടി വെട്ടിമാറ്റിയ ചരിത്ര സംഭവങ്ങളും കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
'അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ നവോത്ഥാന നായകരുടെ കേരളമാണ് ഇത്. ശാസ്ത്ര ബോധത്തിൽ ഊന്നിയാണ് കേരളത്തിന്റെ വളർച്ച. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയതിന് സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാനാണ് തീരുമാനമെങ്കിൽ അതിനെ പ്രതിരോധിക്കും. യുവമോർച്ചയുടെ ആരോപണങ്ങൾ അസംബന്ധമാണ്.' ശാസ്ത്രീയത വളർത്താനുള്ള പ്രവർത്തനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
'പിണറായി വാഴ്ത്തുപാട്ടുകള്‍ ദില്ലിയിലും മുഴക്കാൻ ശ്രമം,ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം അഴിമതി': സുധാകരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam