
തിരുവനന്തപുരം: കൊച്ചിയിൽ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ട സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും സ്കൂൾ യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യണം, മറ്റു തരത്തിലേക്ക് പോകുന്ന രീതി ഉണ്ടാകരുത്. വിഷയം പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്നും ഡിഇഓയോട് അന്വേഷിക്കാൻ പറയുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്കൂൾ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അടച്ചിടുകയായിരുന്നു. ഹിജാബിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്. സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സ്കൂളിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികൾ മാനസിക സമ്മർദ്ദത്തിൽ ആയതുകൊണ്ടാണ് രണ്ടുദിവസം സ്കൂൾ അടച്ചിട്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam