Ukraine Crisis : '12 മലയാളികൾ ചെന്നൈ വഴിയെത്തും'; വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് ശിവന്‍കുട്ടി

Published : Feb 27, 2022, 11:59 AM IST
Ukraine Crisis : '12 മലയാളികൾ ചെന്നൈ വഴിയെത്തും'; വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് ശിവന്‍കുട്ടി

Synopsis

വിദ്യാർത്ഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശിവന്‍കുട്ടി പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി സ്വാതി രാജിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതികരണം.

തിരുവനന്തപുരം: യുക്രൈനില്‍ (Ukraine) കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി  നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി (V Sivankutty).12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായി. ക്രമീകരണങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകിയതായും ശിവന്‍കുട്ടി അറിയിച്ചു. നയതന്ത്ര വിദഗ്ധന്‍ വേണു രാജാമണിയുടെ ഇടപെടല്‍ വലുതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശിവന്‍കുട്ടി പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി സ്വാതി രാജിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതികരണം.

  • 'തോക്ക് ചൂണ്ടി ഭീഷണി, മർദ്ദനം',പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥികൾക്ക് നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം

കീവ് : യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ദുരിതത്തിൽ. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിർത്തിയിൽ യുക്രൈൻ സൈന്യം വിദ്യാർത്ഥികളെ  തോക്ക് ചൂണ്ടിയും ലാത്തിച്ചാർജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന് മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിലോമീറ്ററുകളോളം നടന്ന് എത്തിയ വിദ്യാര്‍ത്ഥികളെ സൈന്യം  അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് തങ്ങളെ മർദ്ദിച്ചതായും അതിർത്തിയിലേക്കുള്ള വഴിയിൽ വെച്ച്  ആക്രമിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു. കൂട്ടം കൂടി നിൽക്കുന്ന വിദ്യാർത്ഥികളുടെ നേർക്ക് വാഹനം കയറ്റാൻ ശ്രമിച്ച് തടയുന്നതിന്‍റെയും മർദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങളും  വിദ്യാർത്ഥികൾ പുറത്തുവിട്ടു. യുക്രൈനിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്‍റെ ഈ നടപടികൾ. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പിൽ അതിർത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മർദ്ദനത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. 

കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ ലക്ഷ്യത്തില്‍ നാലാം ദിനവും യുക്രൈന്‍ സംഘര്‍ഷഭരിതമാണ്. യുക്രൈനെ കൂടുതല്‍ കടന്നാക്രമിച്ച് ഞെരുക്കുകയാണ് റഷ്യ. റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 37 ,000 സാധാരണക്കാരെ പട്ടാളത്തിന്‍റെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈന്‍. പൌരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍‌. ഒഡേസയില്‍ യുക്രൈന്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറ് വയസുകാരിയുമുണ്ട്. 

യുക്രൈനിലെ  കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ റഷ്യ നടത്തി. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. കാർകീവിലെ അപ്പാർട്ട്മെന്‍റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച്ച രാത്രി മുതൽ കാർകീവിൽ കനത്ത വെടിവപ്പാണ് നടക്കുന്നത്. കീവ് പിടിച്ചെടുക്കാൻ അവസാന തന്ത്രവും പയറ്റുകയാണ് റഷ്യ. വീടുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും എതിരായ വ്യോമാക്രമണം ശക്തമാക്കി. ജനം ബങ്കറുകളിലും മെട്രോ സബ്‍വേകളിലും അഭയം തേടുന്നതിനാൽ ആൾ അപായം കുറവാണ്. നാട്ടുകാരിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ട റഷ്യ അല്ലെങ്കിൽ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളിലും ലക്ഷ്യമിട്ട് പ്രസിഡന്‍റിനെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയാണ് റഷ്യൻ ലക്ഷ്യം. അതിനിടയിൽ സ്വന്തം രാജ്യത്തെ പ്രതിഷേധങ്ങളെ അറസ്റ്റിലൂടെ നേരിടുകയാണ് റഷ്യ. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ