
തിരുവനന്തപുരം : വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി ടി ബൽറാം. എന്തൊരു ഭീരുവാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് ബൽറാം ചോദിച്ചു. ഒപ്പം കെഎസ് ശബരീനാഥന് അദ്ദേഹം അഭിവാദ്യങ്ങളും അറിയിച്ചു.
അറസ്റ്റിലായ ശബരീനാഥനായി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ശബരിനാഥിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. നേരത്തെ ശബരീനാഥനായി ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും ഇതേ അഭിഭാഷകൻ ആയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്തെന്ന വിവരം അന്വേഷണം സംഘം കോടതിയെ അറിയിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാല്‍, 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 11 മണിക്കാണ് സെഷൻസ് കോടതി ശബരിനാഥന്‍റെ ഹർജി പരിഗണിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശബരീനാഥനെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും.
വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ശബരിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു.
Read More : 'നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തുള്ള അറസ്റ്റ്', നിയമപരമായി നേരിടുമെന്ന് കെ സുധാകരന്‍
അതേസമയം, മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. അധികാരവും പൊലീസും കൈയ്യിൽ ഉള്ളതിനാൽ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇ.പി.ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറഞ്ഞു.
അറസ്റ്റ് നിയമ വിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞു. അധികാരം ഉപയോഗിച്ചും നിയമത്തെ ദുർവ്യാഖ്യാനം ചെയ്തും നടത്തിയ അറസ്റ്റാണിതെന്നും സുധാകരൻ കുറ്റപ്പെടുത്തി. മുൻകൂർ ജാമ്യഹർജി പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന കോടതി നിർദ്ദേശം നിലനിൽക്കെയാണ് ശബരീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.