Asianet News MalayalamAsianet News Malayalam

'നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തുള്ള അറസ്റ്റ്', നിയമപരമായി നേരിടുമെന്ന് കെ സുധാകരന്‍

അധികാരം ഉപയോഗിച്ചും നിയമത്തെ ദുർവ്യാഖ്യാനം ചെയ്തും നടത്തിയ അറസ്റ്റാണിതെന്നും  സുധാകരൻ കുറ്റപ്പെടുത്തി.

K Sudhakaran reacts to the arrest of K S Sabarinathan
Author
Trivandrum, First Published Jul 19, 2022, 3:57 PM IST

ദില്ലി: മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനയിൽ കെ എസ് ശബരീനാഥിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ശബരീനാഥിന്‍റെ അറസ്റ്റിലൂടെ തങ്ങളെ തകർക്കാനാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. അറസ്റ്റ് നിയമ വിരുദ്ധമാണ്. നിയമപരമായി നേരിടുമെന്നും സുധാകരന്‍ പറഞ്ഞു. അധികാരം ഉപയോഗിച്ചും നിയമത്തെ ദുർവ്യാഖ്യാനം ചെയ്തും നടത്തിയ അറസ്റ്റാണിതെന്നും സുധാകരൻ കുറ്റപ്പെടുത്തി. മുൻകൂർ ജാമ്യഹർജി പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന കോടതി നിർദ്ദേശം നിലനിൽക്കെയാണ് ശബരീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : മുഖ്യമന്ത്രി ഭീരു, പൊലീസ് അടിമകളെ പോലെ: ശബരിനാഥിനെതിരെ കേസ് കെട്ടിച്ചമച്ചെന്നും ഷാഫി

കേസിൽ അറസ്റ്റിലായ മുൻ എംഎൽഎ കെ എസ് ശബരീനാഥനായി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ശബരീനാഥിന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. നേരത്തെ ശബരീനാഥനായി  ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും ഇതേ അഭിഭാഷകൻ ആയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തെന്ന വിവരം അന്വേഷണം സംഘം കോടതിയെ അറിയിച്ചത്.

Read Also : ശബരിനാഥന്‍റെ അറസ്റ്റ് ഉന്നതതല ഗൂഢാലോചനയുടെ ഭാഗം; വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹർജി പരിഗണിക്കും വരെ ശബരീനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാല്‍, 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 11 മണിക്കാണ് സെഷൻസ് കോടതി ശബരീനാഥിന്‍റെ ഹർജി പരിഗണിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശബരീനാഥിനെ അൽപ്പസമയത്തിനകം കോടതിയിൽ ഹാ‍ജരാക്കും.

വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ശബരീനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരീനാഥ് പറഞ്ഞു. 

Read Also : മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് ശബരിനാഥൻ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios