കേരളത്തില്‍ സ്വകാര്യ മേഖലയിലും വാക്സിനേഷന്‍ പാളി; ചെറുകിട ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് ഒന്നടങ്കം പുറത്തായി

By Web TeamFirst Published Jul 28, 2021, 8:06 AM IST
Highlights

ചെറുകിട സ്വകാര്യ ആശുപത്രികളെല്ലാം വാക്സീന്‍ പദ്ധതിയില്‍ നിന്ന് പുറത്തായി. 6000 ഡോസ് ഒന്നിച്ചു വാങ്ങണമെന്ന കമ്പനികളുടെ നിബന്ധനാണ് വിനയായത്.

കോഴിക്കോട്: കേരളത്തില്‍ സ്വകാര്യ മേഖലയിലും വാക്സിനേഷന്‍ പാളി. വാക്സീന്‍ പദ്ധതിയില്‍ ചെറുകിട ആശുപത്രികള്‍ ഒന്നടങ്കം പുറത്തായി.  ആദ്യ ഘട്ടത്തില്‍ ചെറുകിട സ്വകാര്യ ആശുപത്രികള്‍ പോലും വാക്സിന്‍ കേന്ദ്രങ്ങളായിരുന്നെങ്കില്‍ ഇന്ന് വന്‍കിട ആശുപത്രികളില്‍ മാത്രമെ വാക്സിനുളളൂ. കേന്ദ്ര നയത്തില്‍ വന്ന മാറ്റത്തെ സംസ്ഥാന സര്‍ക്കാര്‍ പഴി പറയുമ്പോള്‍ ഏകോപനത്തില്‍ വലിയ പാളിച്ച വന്നതായാണ് സ്വകാര്യ ആശുപത്രികളുടെ പരാതി.

സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും കൈകോര്‍ത്ത് കൊവിഡ് വാക്സിനേഷന്‍ നടത്തുന്നതായിരുന്നു ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള നാല് മാസക്കാലം കണ്ടത്. എന്നാല്‍ രണ്ടാം തംരംഗം തുടങ്ങിയതോടെ കാര്യങ്ങള്‍ പാടെ മാറി. ചെറുകിട സ്വകാര്യ ആശുപത്രികളെല്ലാം വാക്സീന്‍ പദ്ധതിയില്‍ നിന്ന് പുറത്തായി. 6000 ഡോസ് ഒന്നിച്ചു വാങ്ങണമെന്ന കമ്പനികളുടെ നിബന്ധനാണ് വിനയായത്.

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വാകീസിന്‍ നിയമനുസരിച്ച് ഒരു സംസ്ഥാനത്തിന് അനുവദിക്കുന്ന വാക്സീന്‍റെ 75 ശതമാനം സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ വഴിയുമാണ് നല്‍കുക. സര്‍ക്കാരിന് സൗജന്യമായി വാക്സീന്‍ നല്‍കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ പണം അടച്ച് നേരിട്ട് വാക്സിന്‍ ഉല്‍പ്പാദക കമ്പനികളില്‍ നിന്ന് വാക്സീന്‍ വാങ്ങണം. നിലവില്‍ 6000ഡോസ് വാക്സിനെങ്കിലും ഓര്‍ഡര്‍ ചെയ്യുന്ന ആശുപത്രികള്‍ക്കേ വാക്സീന്‍ അനുവദിക്കുന്നുമുളളൂ. 6000ഡോസ് ബുക്ക് ചെയ്യാന്‍ 38 ലക്ഷത്തോളം രൂപ മുന്‍കൂര്‍ ആയി അടയ്ക്കുകയും വേണം. സ്വഭാവികമായും ചെറുകിട ആശുപത്രികള്‍ പുറത്തായി. ഇതിനിടെ വാക്സീനായി പണം അടച്ച പല സ്വകാര്യ ആശുപത്രികള്‍ക്കും വാക്സീന്‍ കിട്ടിയില്ലെന്ന് മാത്രമല്ല പണം തിരികെ വന്നതുമില്ല.

സര്‍ക്കാര്‍ ആശുപത്രികളിലും വന്‍കിട സ്വകാര്യ ആശുപത്രികളിലും മാത്രമായി വാക്സിനേഷന്‍ പരിമിതപ്പെടുന്നത് പരാമവധി വേഗത്തില്‍ വാക്സിനേഷന്‍ എന്ന ലക്ഷ്യത്തെ തകിടം മറിക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തന്നെ തുറന്നു പറയുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്കുളള വാക്സീന്‍ വിതരണം നിലവില്‍ സൗൗജന്യമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സമാഹരിച്ച തുക ഉപയോഗിച്ച് കൂടുതല്‍ വാക്സീന്‍ സംഭരിക്കണമെന്നതടക്കമുളള ആവശ്യമാണ് ഉയരുന്നത്. മൂന്നാം തംരംഗം മുന്നില്‍ നില്‍ക്കെ നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

click me!