
തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും വാക്സീൻ നൽകാൻ മാതൃകവചം ക്യാംപെയിൻ തയാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.ക്യാംപെയിനിന്റെ ഭാഗമായി വാർഡ് തലത്തിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഗർഭിണികളുടെ രജിസ്ട്രേഷൻ നടത്തും.സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരാണെങ്കിൽ അതിനുള്ള സംവിധാനവും ഒരുക്കും.ഓരോ സബ് സെന്ററും കേന്ദ്രീകരിച്ച് ആ പ്രദേശത്തുള്ള എല്ലാ ഗർഭിണികളും രജിസ്റ്റർ ചെയ്ത് വാക്സീൻ സ്വീകരിച്ചുവെന്നും ആരോഗ്യവകുപ്പ് ഉറപ്പാക്കും.
നിലവിൽ രാജ്യത്ത് നൽകുന്ന ഏത് വാക്സീൻ വേണമെങ്കിലും ഗർഭിണികൾക്ക് സ്വീകരിക്കാവുന്നതാണ്.ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സീൻ സ്വീകരിക്കാനാകും.ഗർഭാവസ്ഥയിൽ തന്നെ രണ്ട് ഡോസ് വാക്സീനും സ്വീകരിക്കാനായാൽ അത് കൂടുതൽ സുരക്ഷ നൽകും.വാക്സീൻ സ്വീകരിച്ചശേഷം നേരിയ പനി,കുത്തിവച്ച ഭാഗത്ത് വേദന,മൂന്ന് ദിവസംവരെ നീണ്ടുനിൽക്കുന്ന ക്ഷീണം എന്നിവ ഉണ്ടായേക്കാം.വാക്സീനെടുത്താലും മാസ്ക് , ശാരീരികാകലം , സാനിട്ടെസർ തുടങ്ങിയ അടിസ്ഥാന പ്രതിരോധ തത്വങ്ങൾ പാലിക്കണം.
ഗർഭിണികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാംപുകൾ പ്രത്യേക ദിവസങ്ങളിൽ ജില്ലാതലത്തിൽ തീരുമാനിച്ച് നടത്തും.വാക്സിനേഷന് എത്തുന്ന ഗർഭിണികൾക്ക് സമ്പർക്കം ഉണ്ടാകാതിരിക്കാനാണ് ഈ നടപടി.കൊവിഡ് ബാധിച്ചാൽ ഗർഭിണികളുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കും.35 വയസിന് മുകളിൽ പ്രായമുള്ളവർ,അമിതവണ്ണമുള്ളവർ,പ്രമേഹം,രക്തസമ്മർദം അടക്കം ജീവിതശൈലി രോഗമുള്ളവർ എന്നിവരിലെ കൊവിഡ് ബാധ രോഗം ഗുരുതരമാക്കിയേക്കും.ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ഇത് സാരമായി ബാധിക്കും.അതിനാൽ ഗർഭിണികൾ വാക്സീൻ നിർബന്ധമായി സ്വീകരിക്കണമെന്നാണ് നിർദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam