വാക്സീൻ ചലഞ്ച്; ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ മേഖല 200 കോടി നൽകുമെന്ന് കടകംപള്ളി സുരേന്ദ്രൻ

By Web TeamFirst Published Apr 24, 2021, 4:28 PM IST
Highlights

കേരള ബാങ്ക്  5 കോടി രൂപയും സഹകരണ ജീവനക്കാർ 2 ദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കേരള ബാങ്ക്  5 കോടി രൂപയും സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും സംഭാവന നൽകും. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സീൻ ചലഞ്ചിലേക്ക് സഹകരണ മേഖല 200 കോടി രൂപ സമാഹരിച്ച് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് ആദ്യഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്.

ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് പ്രാഥമിക വായ്പാ സംഘങ്ങൾ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകും. പ്രാഥമിക വായ്പേതര സംഘങ്ങൾ 50,000 മുതൽ 1 ലക്ഷം രൂപ വരെ നൽകും. കേരള ബാങ്ക്  5 കോടി രൂപയും സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും, ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങൾ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നൽകും. 

സഹകരണ ജീവനക്കാർ 2 ദിവസത്തെ ശമ്പളം സിഎംഡിആർഎഫിലേക്ക് നൽകും. ഒരു ദിവസത്തെ ശമ്പളം ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ ശമ്പളം മെയ് മാസത്തെ ശമ്പളത്തിൽ നിന്നുമാണ് നൽകുക. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാർ 2 ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.

click me!