ശബരിമല സ്വര്‍ണ കൊള്ളക്കേസിൽ അറസ്റ്റിലായ എസ് ശ്രീകുമാര്‍ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്‍റെ അനുജനാണെന്ന ആരോപണം സിപിഎം നേതാവ് കെ എസ് അരുൺകുമാർ തിരുത്തി. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശിവകുമാർ പ്രതികരിച്ചു.
കൊച്ചി: ശബരിമല സ്വര്‍ണ കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്‍റെ അനുജനാണെന്നുള്ള ആരോപണം തിരുത്തി സിപിഎം നേതാവ് കെ എസ് അരുൺകുമാർ. ഇന്നലെ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിൽ തെറ്റുപറ്റി എന്നറിഞ്ഞപ്പോള്‍ തന്നെ അത് തിരുത്തുകയും പിൻവലിക്കുകയും ചെയ്തുവെന്ന് അരുൺകുമാര്‍ വ്യക്തമാക്കി.
ആദ്യമേ പോസ്റ്റ് ചെയ്ത പോസ്റ്റിലെ തെറ്റിനെപറ്റിയാണ് യുഡിഎഫ് നേതാക്കള്‍ വീണ്ടും പറയുന്നത്. ശബരിമല പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്ത ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ മുൻമന്ത്രി വി എസ് ശിവകുമാറിന്റെ അനുജൻ ആണ് എന്നായിരുന്നു ഒരു മാധ്യമത്തിന്‍റെ വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പം താൻ എഴുതിയത്. എന്നാൽ ഇന്നലെ അറസ്റ്റിൽ ആയത് വി എസ് ശിവകുമാറിന്‍റെ അനുജനല്ലെന്ന് അരുൺ കുറിച്ചു.
വിഎസ് ജയകുമാർ ആണ് മുൻമന്ത്രി വിഎസ് ശിവകുമാറിന്‍റെ സഹോദരൻ വി എസ് ജയകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ആയിരിക്കെ ശബരിമലയിലേക്ക് പാത്രങ്ങൾ വാങ്ങിയതിൽ 1.87 കോടി രൂപയുടെ അഴിമതി നടത്തിയതിന് വിജിലൻസ് കേസുകളിൽ പ്രതിയായി അന്വേഷണം നേരിടുന്ന വ്യക്തിയാണ്. ശബരിമല കണ്ട ഏറ്റവും വലിയ അഴിമതി കേസാണ് വിജിലൻസ് കോടതിയിൽ ഇപ്പോൾ ജയകുമാറിനെതിരെ നിലനിൽക്കുന്നതെന്നും അരുൺകുമാർ പറഞ്ഞു.
വി എസ് ശിവകുമാറിന്‍റെ പ്രതികരണം
ശബരിമല സ്വര്‍ണ കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ തന്‍റെ അനുജനാണെന്നുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാര്‍ രംഗത്ത് വന്നിരുന്നു. ശബരിമല സ്വർണ കൊള്ള കേസിൽ സിപിഎം നേതാക്കളും അവരുമായി ബന്ധമുള്ളവരും ഒന്നിന് പുറകെ ഒന്നൊന്നായി ജയിലിലേക്ക് മാർച്ച് ചെയ്യുന്നതിന്‍റെ നാണക്കേട് മറയ്ക്കാൻ അറസ്റ്റിലാകുന്ന ഓരോരുത്തരെയും തന്‍റെ സഹോദരനാക്കി വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന സിപിഎമ്മിന്‍റെ നെറികേടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വി എസ് ശിവകുമാര്‍ പറഞ്ഞു.
അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീകുമാറിനെയാണ് അവസാനമായി സിപിഎം തന്‍റെ സഹോദരനാക്കിയിരിക്കുന്നത്. ശ്രീകുമാർ സി ഐ ടി യൂ ശബരിമല യൂണിയൻ നേതാവാണ്. ഇത്തരം വ്യാജപ്രചാരണങ്ങൾ കൊണ്ട് അയ്യപ്പന്‍റെ സ്വർണ്ണം മോഷ്ടിച്ചതിന്‍റെ പാപക്കറ മായ്ക്കാനാവില്ലെന്ന് ഓർമ്മിപ്പിക്കുകയാണ്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സിപിഎം നേതാവ് അരുൺ കുമാറിനും മറ്റുള്ളവർക്കും എതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.


