
തൃശൂർ: വടക്കാഞ്ചേരിയിലെ വോട്ടുകോഴയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്. അനിൽ അക്കരയുടെ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. കൂറുമാറിയ ജാഫർ നിലവില്‍ ഒളിവിലാണ്. എവിടേക്കാണ് പോയെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാജിവച്ചശേഷം പോയതാണെന്നാണ് ജാഫറിന്‍റെ ഉമ്മ പറയുന്നത്. കൂറുമാറി വോട്ടു ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്.
"ലൈഫ് സെറ്റിലാക്കാൻ ഓപ്ഷൻ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം.നിങ്ങടെ കൂടെ നിന്നാൽ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതി'' എന്ന് ജാഫർ പറയുന്നതിന്‍റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.തെരഞ്ഞെടുപ്പിന്‍റെ തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോൺഗ്രസ് പുറത്തുവിട്ടത്. ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ അനിൽ അക്കര ഡിജിപിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. യുഡിഎഫിനും എൽഡിഎഫിനും 7 അംഗങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന ലീഗ് സ്വതന്ത്രൻ ജാഫർ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫ് പിടിച്ചു. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് ജാഫർ വിട്ടു തന്നതോടെ അതും എൽഡിഎഫിന് കിട്ടി. പിന്നീട് ജാഫർ രാജിവെക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam