തദ്ദേശ തെരഞ്ഞെടുപ്പിൽ മകൻ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചതിന്‍റെ പേരിൽ തൊടുപുഴ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പറെ പിരിച്ചുവിട്ടതായി പരാതി. അതേസമയം ജോലി തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്ന് ബാങ്ക് പ്രസിഡന്റ്.
തൊടുപുഴ: 16 വയസുള്ള മകൻ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചതിന്‍റെ പേരിൽ അമ്മയെ ബാങ്കിലെ ജോലിയിൽ നിന്ന് സിപിഎം ഭരണസമിതി പിരിച്ച് വിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്.
അഞ്ച് വർഷമായി ഇടുക്കിയിലെ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പറായിരുന്നു നിസ ഷിയാസ്. 5000 രൂപ മാത്രമായിരുന്നു മാസ ശമ്പളം. തൊടുപുഴ നഗരസഭയിലെ 21ആം വാർഡിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിഷ്ണു കോട്ടപ്പുറത്തിനായി നിസയുടെ മകൻ പ്രചാരണത്തിന് ഇറങ്ങി. തെരഞ്ഞെടുപ്പിൽ വിഷ്ണു ജയിച്ചതോടെയാണ് ബാങ്ക് ഭരണ സമിതി പക പോക്കൽ നടത്തിയതെന്നാണ് നിസ പറയുന്നത്. ഡിസംബർ 31 വരെ വന്നാൽ മതിയെന്ന് ഡിസംബർ 28നാണ് അറിയിച്ചതെന്നും നിസ പറഞ്ഞു.
ബാങ്കിന്‍റെ വിശദീകരണം
ജോലിയിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടതോടെ നിസ സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിപിഎം ഏരിയ സെക്രട്ടറിയെ കണ്ടപ്പോൾ ജോലിയിൽ തുടരാമെന്ന് പറഞ്ഞു. എന്നാൽ ഒന്നാം തിയ്യതി എത്തിയപ്പോൾ നാളെ മുതൽ വരേണ്ട, അതാണ് പാർട്ടി തീരുമാനമെന്ന് അറിയിച്ചു. നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന് പ്രാദേശിക പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതും നടപടിക്ക് കാരണമായെന്നാണ് വിവരം.
ഭർത്താവ് മരിച്ച നിസയുടെ ഉപജീവന മാർഗമായിരുന്നു ബാങ്കിലെ ജോലി. അതേസമയം ജോലി തൃപ്തികരമല്ലാത്തതിനാൽ മറ്റൊരാളെ നിയമിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതിനാലാണ് നടപടിയെന്ന് പ്രസിഡൻറ് സജികുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യം നിസയെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.



