
കൊച്ചി: അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അവസാനിപ്പിക്കാൻ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. ലൈൻ ട്രാഫിക് സംവിധാനം ഉടൻ നടപ്പാക്കണമെന്നും റോഡിലെ നിയമ ലംഘനങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. വടക്കഞ്ചേരി അപകടത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി കോടതിയിൽ ഹാജരായ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് അറിയിച്ചു.
വടക്കഞ്ചേരിയിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ 9 പേരുടെ അപകട മരണം ഹൃദയഭേദകമാണെന്ന് കോടതി വ്യക്തമാക്കിയത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ കോടതി, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി. റോഡിൽ ഇനി ചോര വീഴരുത് എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും നഷ്ടമായ ജീവന് പകരമാകില്ല. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും റോഡ് സേഫ്റ്റി കമ്മീഷണർകൂടിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്കാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 1.67 കോടി വാഹനങ്ങളാണ് റോഡിലുള്ളത്. ഉദ്യോഗസ്ഥരാകട്ടെ 368 പേരുമാണ്. എങ്കിലും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ബൈക്കുകളാണ് അപകടങ്ങളുണ്ടാക്കുന്നതിൽ ഏറിയ പങ്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങൾ കുറയുന്നില്ലല്ലോ എന്ന് ചോദിച്ച കോടതി റോഡിലിറങ്ങിയാൽ ബസുകളുടെ മത്സര ഓട്ടമാണ് കാണുന്നതെന്നും കുറ്റപ്പെടുത്തി. മിക്ക ബസ്സുകളുടെ ഉടമകളും അധികാര കേന്ദ്രവുമായി അടുത്ത് നിൽക്കുന്നവരാണെന്നും വിമർശിച്ചു. വാഹനങ്ങളുടെ അനുമതി വേഗതയടക്കം പരിശോധിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നഉണ്ടെന്ന് സർക്കാരും വ്യക്തമാക്കി.
വടക്കഞ്ചേരി അപകടത്തിന്‍റെ ധാർമ്മക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. എന്നാൽ ആരെയും കുറ്റപ്പെടുത്താനല്ല. ജനങ്ങൾക്ക് വേണ്ടിയാണ് കോടതി സംസാരിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡിൽ പുതിയ ട്രാഫിക് സംസ്കാരം വേണം. ഈ അപകടം അതിനൊരു നിമിത്തമായെടുക്കണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി. സുരക്ഷിത യാത്രയ്ക്ക് എന്ത് നടപടികൾ സ്വീകരിക്കാനാകുമെന്ന് ഈ മാസം 27 നകം അറിയിക്കാനും കോടതി നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam