വാഗമണ്ണിലെ ലഹരിവിരുന്ന്: റിസോർട്ടിൽ വീണ്ടും പരിശോധന, ഉടമയെ ചോദ്യം ചെയ്യുന്നു,കേസ് ഒതുക്കാൻ ശ്രമമെന്ന് കോൺഗ്രസ്

By Web TeamFirst Published Dec 21, 2020, 10:11 AM IST
Highlights

സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ ഷാജി കുറ്റിക്കടനെയാണ് ചോദ്യം ചെയുന്നത്. ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തത് എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നുവെന്നുമാണ് റിസോർട്ട് ഉടമ നൽകിയ വിശദീകരണം. 

ഇടുക്കി: വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ റിസോർട്ട് ഉടമയെ ചോദ്യം ചെയ്യുന്നു. സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ ഷാജി കുറ്റിക്കടനെയാണ് ചോദ്യം ചെയുന്നത്. ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തത് എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നുവെന്നുമാണ് റിസോർട്ട് ഉടമ നൽകിയ വിശദീകരണം. പാർട്ടി നടത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ റിസോർട്ടിൽ വീണ്ടും പരിശോധന നടത്തുന്നുണ്ട്. 

അതിനിടെ റിസോർട്ടിലേക്ക് പ്രതിഷേധവുമായി കോൺഗ്രസ് ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാറിനെയും സംഘത്തെയും റിസോട്ടിന് മുന്നിൽ പൊലീസ് തടഞ്ഞു. കേസ് ഒതുക്കാൻ പൊലീസ്  ശ്രമം നടത്തുന്നതായി കോൺഗ്രസ് ആരോപിച്ചു.  പിടികൂടിയ ലഹരിമരുന്നിന്റെ അളവ് കുറച്ച് കാണിക്കാൻ ശ്രമിക്കുന്നതായും റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് പാർട്ടികൾക്ക് സിപിഎം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. റിസോർട്ട് ഉടമ ഷാജി കുറ്റികാടൻ നക്ഷത്ര ആമ കടത്ത് ഉൾപ്പടെ കേസിലെ പ്രതിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. 

ഇന്നലെ രാത്രിയോടെയാണ് വാഗമണിൽ നിശാപാർട്ടിനടക്കുന്ന റിസോർട്ടിൽ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.എൽഎസ്ഡി സ്റ്റാന്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. മയക്കുമരുന്ന്എവിടെ നിന്നാണ് എത്തിയതെന്നും ആരാണ് സംഘാടകരെന്നുമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. 

നിശാപാർട്ടിക്ക് പിന്നിൽ ഒമ്പത് പേരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇതിൽ മൂന്ന് പേരാണ് മുഖ്യ ആസൂത്രകർ. ഇവരാണ് മറ്റ് ആറ് പേർക്ക് നിർദ്ദേശങ്ങൾ നൽകിയത്. ഇവർ ഇടുക്കി ജില്ലക്ക് പുറത്ത് നിന്നുള്ളവരാണ്. നിശാ പാർട്ടിയിൽ ഇവരും പങ്കെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാർട്ടി സംബന്ധിച്ച വിവരം പ്രതികൾ പങ്കുവച്ചത്. 

റിസോർട്ടിൽ നേരത്തെയും സമാന രീതിയിൽ പാർട്ടികൾ നടന്നിരുന്നു. അന്ന് പൊലീസ് താക്കീത് നൽകി വിട്ടയക്കുകയുമായിരുന്നു. രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ രണ്ട് പേരിൽ നിന്നാണ് ഇടുക്കിയിലെ നിശാപാർട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിൽ നാല് പേരെ ചോദ്യം ചെയ്യലിന് ശേഷം വാഗമൺ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. മറ്റുള്ളവരെ മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ടെന്നാണ് വിവരം. 

click me!