തിരുവനന്തപുരത്ത് എസ്ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. പള്ളിക്കൽ സ്റ്റേഷനിലെ സിപിഓയും സഹോദരനും അടക്കം 3 പേരെ പൊലീസ് കസ്റ്റടിയിലെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. നഗരൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. നഗരൂർ എസ് ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേർന്ന് മർദിച്ചത്. 

നഗരൂരിൽ ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ചന്ദു അടക്കം ഉള്ളവരെ പൊലീസ് പിടിച്ചു മാറ്റിയിരുന്നു. ഗാനമേള കഴിഞ്ഞ ശേഷം ചന്ദുവും സഹോദരനും നാട്ടുകാരും ചേർന്ന് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. എസ് ഐ അൻസറിനെ ഓടയിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തന്നെ ചന്ദുവും സഹോദരനും അടക്കം 3 പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. അവർക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്തു.