മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി, നടന്നില്ലെന്ന് സനുമോഹൻ; ചോദ്യം ചെയ്യൽ തുടരുന്നു

By Web TeamFirst Published Apr 19, 2021, 6:26 AM IST
Highlights

കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ സനു മോഹനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേരള പൊലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി  വൈഗ  ദുരൂഹ സാഹചര്യത്തിൽ മരിച്ച  സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായി വിവരം. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകളെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

സനു മോഹന്റെ മൊഴി ഇങ്ങിനെ

കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്ന് പറഞ്ഞ്. പൊട്ടിക്കരഞ്ഞ് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്‍റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.

വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടർന്ന് മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി. മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞു. ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.

പൊലീസ് നിഗമനം ഇങ്ങനെ

ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ല. ബോധ രഹിതയായ വൈഗ മരിച്ചെന്ന് സനു മോഹൻ കരുതി. വെള്ളത്തിൽ എറിയുമ്പോൾ വൈഗ അബോധാവസ്ഥയിലായിരുന്നു. മരിച്ചിരുന്നില്ല. വെള്ളത്തിൽ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളിൽ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ് സംഘം.

കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ സനു മോഹനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേരള പൊലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയതെന്നും അന്വേഷണ സംഘത്തിൽ നിന്ന് വിവരം കിട്ടി.

കേസിൽ സനു മോഹന്‍റെ അറസ്റ്റ് ഇന്ന് ഉണ്ടാകും.  മകളുടെ മരണത്തിന് പിറകെ ഒളിവിൽപോയ സനു മോഹനനെ ഇന്നലെ പുലർച്ചെയാണ് മൂകാംബികയിൽ നിന്ന്  കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കർണ്ണാടക പോലീസിന്‍റെ സഹായത്തോടെ പിടികൂടിയത്. രാത്രിയോടെ  കൊച്ചിയിൽ എത്തിച്ച സനു മോഹനെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന്  രാവിലെ 11 മണിയോടെ കേസിന്‍റെ ദുരൂഹതകൾ നീക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളെ കാണും. മാർച്ച് 21 ന് വൈകിട്ടാണ് എറണാകുളം  കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് അച്ഛനെയും മകളെയും കാണാതാകുന്നത്. ബന്ധുവിന്‍റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള  വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22 ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാൽ സനു മോഹനൻ എവിടെ എന്നത് സബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്  ഇന്നലെ സനു മോഹനനും പിടിയിലായത്.

click me!