
കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ തുടരുന്ന ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരമായി. കണ്ടെയ്നർ സ്കാനിംഗുമായി ബന്ധപ്പെട്ട് ട്രെയ്‌ലർ തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ തീരുമാനമായി. തിങ്കളാഴ്ച മുതൽ തുറമുഖത്തെ ചരക്കുനീക്കം സാധാരണ നിലയിൽ പുനരാരംഭിക്കും. ഹൈബി ഈഡൻ എംപി, കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസ്, എറണാകുളം ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. കണ്ടെയ്നറുകൾ സ്കാൻ ചെയ്യുമ്പോൾ ഡ്രൈവർ ക്യാബിനുകളെ റേഡിയേഷൻ ബാധിക്കുന്നില്ലെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നതിനായി തിങ്കളാഴ്ച പരസ്യ പ്രദർശനം നടത്തും.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക വൈദ്യസംഘം തൊഴിലാളികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. സുരക്ഷാ കാരണങ്ങളാൽ ഇറക്കുമതി കണ്ടെയ്നറുകൾ പൂർണ്ണമായും സ്കാൻ ചെയ്യണമെന്ന നിർദ്ദേശം പ്രാബല്യത്തിലായതോടെയാണ് റേഡിയേഷൻ ഭീഷണി ആരോപിച്ച് ട്രെയ്‌ലർ തൊഴിലാളികൾ സമരം ആരംഭിച്ചത്. സമരത്തെത്തുടർന്ന് ആയിരക്കണക്കിന് കണ്ടെയ്നറുകൾ ടെർമിനലിൽ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്നത്തെ ചർച്ചയിൽ ആശങ്കകൾക്ക് പരിഹാരമായതോടെയാണ് സമരം പിൻവലിക്കാൻ തൊഴിലാളി സംഘടനകൾ തയ്യാറായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam