
തൃശൂര്‍: തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്‍റെ ഞെട്ടലിൽ കേരളം. മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിൻ വളവിൽ വെച്ച് അപകടത്തിൽപെട്ടത്. ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. അതീവ ദുഃഖകരമായ സംഭവമാണെന്നും അപകട വിവരം അറിഞ്ഞ ഉടനെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയിട്ടുണ്ട്.
കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.മനസ്സ് മരവിക്കുന്ന വാർത്തയാണ് വാൽപ്പാറയിൽ നിന്ന് കേട്ടതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്നാട് പൊലീസുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വാൽപ്പാറ അപകടം ദുഃഖകരമായ വാർത്തയാണെന്നും കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കെസി വേണുഗോപാൽ എംപി പ്രതികരിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. ഇരു സർക്കാരുകളും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെടുമെന്നുംരക്ഷാപ്രവർത്തനവും മറ്റുകാര്യങ്ങളും ചെയ്യണമെന്ന് സർക്കാരുകളോട് അഭ്യർത്ഥിക്കുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇന്ന് വൈകിട്ടോടെയാണ് വാൽപ്പാറയിലെ 13ാം വളവിൽ വെച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഒന്‍പതാം വളവിന്‍റെ റോഡിലേക്കാണ് വാഹനം വീണത്. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം പാങ് പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപക സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 14 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വിനോദയാത്രയുടെ ഭാഗമായി വാൽപ്പാറയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam