Latest Videos

ബിജെപി അധ്യക്ഷനാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വത്സൻ തില്ലങ്കേരി: സജീവ രാഷ്ട്രീയം ഇപ്പോൾ പരിഗണനയിലില്ല

By Asianet MalayalamFirst Published Sep 24, 2021, 2:09 PM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത തിരിച്ചടിയേറ്റതോടെ നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പകരക്കാരനായി സുരേഷ് ഗോപിയോ വത്സൻ തില്ലങ്കേരിയോ അവരോധിക്കപ്പെടും എന്ന അഭ്യൂഹം ശക്തമാണ്. 

തിരുവനന്തപുരം: താൻ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ വത്സൻ തില്ലങ്കേരി. അത്തരം ആശയവിനിമയം ഒന്നും ഇതുവരെ നടന്നിട്ടില്ല. അധ്യക്ഷനാവാൻ താൻ തയ്യാറായിട്ടില്ല. നിലവിൽ ഹിന്ദു ഐക്യവേദിയിലാണ് തൻ്റെ പ്രവർത്തനം. സജീവ രാഷ്ട്രീയം ഇപ്പോൾ തൻ്റെ പരിഗണനയിലില്ല. നിലവിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ കാലാവധി പൂർത്തിയായിട്ടുമില്ല. ബിജെപിയുടെ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ സംഘടനാപരമായ സംവിധാനങ്ങളുണ്ടെന്നും അതിനനുസരിച്ച് തീരുമാനങ്ങളുണ്ടാവുമെന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കി. 

കേരളത്തിലെ പ്രമുഖ സംഘപരിവാർ നേതാവായ വത്സൻ തില്ലങ്കേരി കണ്ണൂരിലെ ആർഎസ്എസ് നേതാവെന്ന നിലയിലാണ് വാർത്തകളിലിടം നേടുന്നത്. കണ്ണൂർ രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്ന തില്ലങ്കേരിയെ രണ്ട് വർഷം മുൻപാണ് ഹിന്ദു ഐക്യവേദി അധ്യക്ഷന സ്ഥാനത്ത് നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത തിരിച്ചടിയേറ്റതോടെ നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് പകരക്കാരനായി സുരേഷ് ഗോപിയോ വത്സൻ തില്ലങ്കേരിയോ അവരോധിക്കപ്പെടും എന്ന അഭ്യൂഹം ശക്തമാണ്. 

ബിജെപി നേതൃതലത്തിലുള്ള വിഭാഗീയതയ്ക്ക് തടയിടാൻ നിഷ്പക്ഷനായ ഒരാൾ വേണമെന്നാണ് കേരളത്തിലെ ആർഎസ്എസ് നേതാക്കളും ബിജെപി കേന്ദ്രനേതൃത്വവും കരുതുന്നത്. മുരളീധരൻ - കൃഷ്ണദാസ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായ ഘട്ടത്തിൽ നേരത്തെ ഹിന്ദു ഐക്യവേദിയിൽ നിന്നും കുമ്മനം രാജശേഖരനെ ആർഎസ്എസ് ഇടപെട്ട് ബിജെപി അധ്യക്ഷനാക്കിയിരുന്നു. 

മലബാർ കലാപ സ്മാരകത്തിനെതിരെ ഹിന്ദു ഐക്യവേദി -

മലബാർ കലാപ നേതാക്കൾക്ക് സ്മാരകം പണിയുന്നതിനെതിരെ ഹിന്ദുഐക്യ വേദി. സംസ്ഥാന സർക്കാർ 75-ാം സ്വാതന്ത്യ വാർഷികത്തിനെക്കാൾ, മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിനാണ് പ്രാധാന്യം നൽകുന്നത് എന്ന് വത്സൻ തില്ലങ്കേരി ആരോപിച്ചു. മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കലാപ ചരിത്രം വ്യക്തമാക്കി വരുംദിവസങ്ങളിൽ കേരളത്തിലും ദില്ലിയിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു. ദില്ലിയിലെ പരിപാടിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുമെന്നും വത്സൻ തില്ലങ്കേരി അറിയിച്ചു. 
 

click me!