
കൊച്ചി: വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ സര്‍ക്കാര്‍ തെറ്റു തിരുത്താൻ തയ്യാറാകണമെന്നും വീഴ്ച സമ്മതിക്കണമെന്നും എങ്കിൽ മാത്രമേ സിസ്റ്റം നന്നാകുവെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിലുള്ള ഉഷ ജോസഫിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം നീക്കിയെങ്കിലും ഉഷ ഇപ്പോഴും ഷോക്കിൽ തന്നെ തുടരുകയാണെന്നും മാനസികമായി വലിയ വിഷമം അവര്‍ നേരിടുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
നല്ല ചികിത്സ നൽകാനായെന്നും വൈകാതെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെസി വേണുഗോപാൽ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വീഴ്ചകളെ വെള്ളപൂശാനുള്ളതായി മാറുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് സര്‍ക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. സ്ത്രീ ആയതുകൊണ്ടാണ് ഡോക്ടരെ വേട്ടയാടുന്നതെന്ന സര്‍ക്കാര്‍ വാദവും കെസി വേണുഗോപാൽ തള്ളി. ഉഷയും ഹര്‍ഷീനയുമൊക്കെ സ്ത്രീകളാണെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായാലും നടപടി വേണമെന്നും വസ്തുതകള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനുള്ള എസ്ഐടിയുടെ നീക്കം മുഖം രക്ഷിക്കാനാണെന്നും മന്ത്രിയെ സംരക്ഷിക്കാൻ തന്ത്രിയെ അറസ്റ്റ് ചെയ്തതിലാണ് പ്രതിഷേധമെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോടതിയാണ് തന്ത്രിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞത്. കോടതി വിധി തെറ്റാണ് എന്നാണ് മന്ത്രി പി രാജീവ് പറയുന്നത്. തന്ത്രിയെ മനഃപൂർവം പെടുത്താൻ ശ്രമിച്ചു എന്ന സംശയത്തിന് ബലം നൽകുന്നതാണ് ഇതെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
ഉഷ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്നു
ശസ്ത്രക്രിയ ഉപകരണം നീക്കിയശേഷം ഉഷ ജോസഫ് ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണെന്ന് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ ഉഷയെ മുറിയിലേക്ക് മാറ്റും. അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam