
തൃശൂർ: പാളത്തിലോടിത്തുടങ്ങിയ വന്ദേ ഭാരതും സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലും തൃശൂർ പൂരത്തിനെത്തുന്നു! അതും ആകാശത്ത്. 28ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സാംപിൾ വെടിക്കെട്ടിലാണ് ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയുമായി തിരുവമ്പാടിയെത്തുന്നത്. സംഭവം കളറാകുമെന്ന് പൂരപ്രേമികൾ പറയുന്നു. കുഴിമിന്നലും അമിട്ടും ചിന്നിയതൊക്കെ ഒരുകാലം. പൂര വെടിക്കെട്ടെന്നാല്‍ അന്ന് ശബ്ദമായിരുന്നു. പെസോയുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇപ്പോഴത്തെ വെടിക്കെട്ട്.
വര്‍ണത്തിനാണ് പ്രാധാന്യം. പ്രഹര ശേഷിയുള്ളതൊന്നും ഉപയോഗിക്കില്ല. 28ന് സാംപിള്‍. ഒന്നിന് പുലര്‍ച്ചെയാണ് വെടിക്കെട്ട്. അന്നുതന്നെ ഉപചാരം ചൊല്ലിപ്പിരിയാന്‍ നേരത്ത് കൂട്ടപ്പൊരിച്ചില്‍. രണ്ടായിരം കിലോ വീതം പൊട്ടിക്കാനാണ് അനുമതി. തയാറെടുപ്പുകള്‍ നേരത്തെ തുടങ്ങി. വെടിമരുന്നുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് പുരകളിലെത്തിച്ച് പണികളാരംഭിച്ചത്. വര്‍ണത്തിന്‍റെ മാറ്റുകൂട്ടാന്‍ ശിവകാശിയില്‍ നിന്നുപോലും പണിക്കാരെ ഇറക്കിയിട്ടുണ്ട്.
Read More...തെന്നിന്ത്യയുടെ ശബ്ദ വിസ്മയം എസ് ജാനകി 85ന്‍റെ നിറവിൽ
മാനത്തോടിക്കളിക്കുന്ന അമിട്ടിന് ഇത്തവണ ഇട്ടിരിക്കുന്ന പേരാണ് വന്ദേഭാരത്. ഓരോ ദേവസ്വത്തിന്‍റെയും വെടിക്കെട്ട് പുരയിലും മുപ്പതില്‍ കുറയാത്ത തൊഴിലാളികളുണ്ട്. രണ്ടുമാസമായി പണി തുടങ്ങിയിട്ട്. പൂരം കൊടിയിറങ്ങും വരെ വെടിക്കെട്ട് പുരയിലും തിരക്കു തീരില്ല.