
തിരുവനന്തപുരം: കേരളത്തിൽ എത്തിച്ച വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഷെഡ്യൂള്‍ ഇന്ന് പുറത്തിറക്കിയേക്കും. നിരക്ക്, സ്റ്റോപ്പുകളുടെ എണ്ണം, സമയക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ റെയിൽവേ മന്ത്രാലയം നോട്ടിഫിക്കേഷനിലൂടെ അറിയിക്കും. ഇന്നലെ കൊച്ചുവേളിയിൽ എത്തിച്ച വന്ദേ ഭാരത് എക്സ്പ്രസ് പ്രത്യേക യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ്. ട്രയൽ റൺ ഉണ്ടാവില്ലെന്നാണ് വിവരം. 25ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കേരളത്തിന്‍റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.
വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്. എന്നാല്‍, വന്ദേഭാരത് കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്നാണാണ് ബിജെപിയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിവേഗ ട്രെയിൻ വഴിയുള്ള രാഷ്ട്രീയ നേട്ടത്തിലാണ് ബിജെപിയുടെ കണ്ണ്. സ്വാഗതം ചെയ്യുമ്പോഴും ബിജെപിയുടെ രാഷ്ട്രീയപ്രചാരണങ്ങളെ എതിർക്കുകയാണ് യുഡിഎഫും എൽഡിഎഫും.
Also Read: വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത്! എത്തിയത് കൊച്ചുവേളിയിലെ പ്രത്യേക യാർഡിൽ
കെ റെയിലിന് ചുവപ്പ് കാർഡ് വീശിയ കേന്ദ്രം വികസന വിരുദ്ധരാണെന്ന പ്രചാരണം എൽഡിഎഫ് ശക്തിപ്പെടുത്തിയിരുന്നു. വന്ദേ ഭാരത് വഴി അതിവേഗം ഇത്തരം പ്രചാരണങ്ങൾക്ക് തടയിടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സിൽവർ ലൈനിന് ദില്ലി നോ പറഞ്ഞതോടെ വന്ദേ ഭാരത് എങ്കിലും വേണമെന്ന നിലപാട് സംസ്ഥാന സർക്കാർ എടുത്തിരുന്നു. പക്ഷെ പ്രധാനമന്ത്രിയുടെ ഫ്ലാഗ് ഓഫ് വിവരം ഔദ്യോഗികമായി അറിയിക്കാത്തതിൽ സംസ്ഥാന സർക്കാറിന് പരിഭവമുണ്ട്. വന്ദേ ഭാരതിന്‍റെ സ്വാഭാവിക വേഗത കേരളത്തിലെ ട്രാക്കിൽ കിട്ടില്ലെന്ന ആശങ്കയും പങ്കിട്ട് നല്ലത് കെ റെയിൽ തന്നെയായിരുന്നു എന്നാണ് നിലപാട്. അർഹതപ്പെട്ട ട്രെയിൻ അനുവദിച്ചതിനെ വലിയ നേട്ടമായി ബിജെപി ഉയർത്തിക്കാട്ടുന്നതിനെ എൽഡിഎഫ് എതിർക്കുന്നു.
സിൽവർ ലൈനിനെ അതിശക്തമായി എതിർത്ത യുഡിഎഫ് കരുതലോടെയാണ് വന്ദേഭാരതിന്‍റെ വരവിനെ കാണുന്നത്. കണ്ണൂരിനപ്പുറം മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്ന യുഡിഎഫ് വന്ദേഭാരത് വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കങ്ങളെ എതിർക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam