
കണ്ണൂർ: വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തുമ്പോൾ സമയത്തിന്‍റെയും ടിക്കറ്റ് ചാർജിന്‍റെയും വേഗതയുടെയും കാര്യത്തിലടക്കം ചർച്ചകൾ എങ്ങും സജീവമാണ്. അതിനിടയിലാണ് ഡി വൈ എഫ് ഐയും വന്ദേഭാരതും കെ റെയിലും തമ്മിലുള്ള താരതമ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വന്ദേഭാരതിനെക്കാൾ എന്തുകൊണ്ടും ലാഭം നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയാണെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രയുടെ ദുരവും സമയവും ചിലവും പങ്കുവച്ചാണ് സനോജ് വന്ദേഭാരതും കെ റെയിലും വിമാനയാത്രയും തമ്മിലുള്ള താരതമ്യം നടത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോ മീറ്റർ സഞ്ചരിക്കാൻ വന്ദേഭാരതിൽ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. കെ റെയിലിലാകട്ടെ ഇതിന് 3 മണിക്കൂറും 1325 രൂപയും മാത്രമാകും വേണ്ടിവരികയെന്നും സനോജ് ചൂണ്ടികാട്ടി. കണ്ണൂർ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപയും ഒരു മണിക്കൂർ സമയവുമാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു. അതിനാൽ തന്നെ നിർദ്ദിഷ്ട കെ റെയിലാണ് ഏറ്റവും മെച്ചമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വിവരിച്ചിട്ടുണ്ട്.
വികെ സനോജിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
വന്ദേ ഭാരത് ട്രെയിൻ രാജ്യത്ത് ഏറ്റവും വൈകിയെത്തിയ സംസ്ഥാനമാണ് കേരളം. തൊട്ടയൽ സംസ്ഥാനങ്ങളായ കർണ്ണാടകയിലും തമിഴ് നാടിലും വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത് കാണുമ്പോഴും കേരളത്തിനോടുള്ള അവഗണന പല തവണ നമ്മൾ ചർച്ച ചെയ്തതാണ്.
കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട വന്ദേ ഭാരത് ട്രെയിനിനെ മഹാ സംഭവമായി അവതരിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്.
കേരളം ഇന്ത്യയുടെ ഭാഗമാണ്.
കേരളത്തിൽ വന്ദേ ഭാരതോ തതുല്യമായ മറ്റേത് ആധുനിക ട്രെയിനികളും ലഭിക്കുന്നത് സന്തോഷകരമായിരിക്കുമ്പോൾ തന്നെ കേരളത്തിന്റെ റെയിൽ യാത്രാ ദുരിതത്തിന് അത് പരിഹാരമാകില്ലെന്നതാണ് യാഥാർഥ്യം. കേരളത്തിലെ നിലവിലെ വളഞ്ഞ പാതയിൽ കൂടി കൂടിയ വേഗതയിൽ ട്രെയിൻ ഓടിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ റെയിൽ വേ തന്നെ വ്യക്തമാക്കിയ കാര്യമാണ്. പാതയിലെ വളവ് നിവർത്തുക എന്നത് കേരളത്തിന്റെ ഭൗമ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് കൂടിയിരിക്കെ മറ്റൊരു സാമാന്തര റെയിൽ ശൃംഗല വരുന്നത് വരെ ഈ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ഏത് ട്രെയിനുകൾക്കും കുറഞ്ഞ വേഗതയിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ എന്നതാണ് സത്യം. ഫലത്തിൽ മെച്ചപ്പെട്ട യാത്രാ സുഖത്തിൽ എന്നാൽ വലിയ സമയ ലാഭമുണ്ടാക്കാത്ത യാത്ര തന്നെയാണ് വന്ദേ ഭാരതിലും ലഭ്യമാകുക.
വന്ദേ ഭാരത്
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 km
2138 രൂപ സമയം8hr.
നിർദ്ദിഷ്ട കെ റെയിൽ
1325 രൂപ
സമയം 3 hr
കണ്ണൂർ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപ
സമയം 1 hr.
എന്നാൽ കാലങ്ങളായി അവഗണന നേരിടുന്ന കേരളത്തിലെ റെയിൽ വേയ്ക്ക് മരുഭൂമിയിൽ പെയ്യുന്ന മഴ പോലെയാണ് ഒരു പുതിയ ട്രെയിൻ ലഭിക്കുന്നത്. ബിജെപി ഗവണ്മെന്റ് റെയിൽവേ
ബജറ്റ് കൂടി നിർത്തലാക്കിയ ശേഷം കേരളം സമ്പൂർണ്ണമായും റെയിൽവേ ഭൂപടത്തിന് വെളിയിലായിരുന്നു. അങ്ങനെയുള്ള അവസരത്തിൽ ഒന്നിലധികം വന്ദേ ഭാരത് ട്രെയിനുകൾ എന്നത് കേരളത്തിന്റെ അവകാശമാണ്.
അതിനെ രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കാൻ ശ്രമിക്കുന്ന അല്പത്തരം തുറന്ന് കാട്ടുക തന്നെ ചെയ്യും. അതേ സമയം കേരളത്തിലെ റെയിൽ യാത്രാ ദുരിതത്തിന് വന്ദേ ഭാരത് ട്രെയിനുകൾ ഒരു പരിഹാരവുമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam