നിർമ്മാണ ചെലവുകളിലൂണ്ടായ വർധനവ് ഭാഗികമായി പരിഹരിക്കാനാണ് കമ്പനി ശ്രമം
2023 മെയ് 1 മുതൽ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ടാറ്റ മോട്ടോഴ്സ് രംഗത്ത്. പാസഞ്ചർ വാഹനങ്ങളുടെ വിലയാണ് ഇക്കുറി വർധിപ്പിക്കുന്നത്. നിർമ്മാണ ചെലവുകളിലൂണ്ടായ വർധനവ് ഭാഗികമായി പരിഹരിക്കാനാണ് കമ്പനി ശ്രമം. ശരാശരി 0.6 ശതമാനമായിരിക്കും വിലവർധനവ്. വേരിയന്റും മോഡലും അനുസരിച്ച് ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹനങ്ങളുടെ നിരക്ക് വർധന വ്യത്യാസപ്പെടും. വർദ്ധിച്ചുവരുന്ന നിർമ്മാണ ചെലവുകളുടെ ബാധ്യത ഒരു പരിധിവരെ പരിഹരിക്കുമ്പോൾ തന്നെ, ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതും അതേസമയം ഉയർന്ന നിലവാരമുള്ളതുമായ വാഹനങ്ങൾ നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും കമ്പനി വക്താക്കൾ അറിയിച്ചു.
മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഈ വർഷം ഏപ്രിൽ 1 മുതൽ, ഓട്ടോമൊബൈൽ കമ്പനികൾ BS 6-II എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി മാത്രം നിർമ്മിക്കുന്നതിനാൽ ഏപ്രിൽ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില അഞ്ച് ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ടാറ്റ മോട്ടോഴ്സ് 2023 ഫെബ്രുവരി മുതൽ തന്നെ BS 6-II എമിഷൻ മാനദണ്ഡങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് കമ്പനി വക്താക്കൾ സൂചിപ്പിച്ചിരുന്നു. കൂടാതെ ഈ വർഷം ഫെബ്രുവരിയിലും വില വർധിപ്പിച്ചിരുന്നു. ഇന്റേണൽ കംബഷൻ എൻജിൻ വിഭാഗത്തിലെ പാസഞ്ചർ വാഹനങ്ങളിൽ 1.2 ശതമാനത്തിന്റെ വർധനവാണ് ഫെബ്രുവരി മാസത്തിൽ നടപ്പാക്കിയത്.
ടാറ്റ മോട്ടോഴ്സ് മാത്രമല്ല മറ്റ് വാഹനനിർമ്മാതാക്കളും വാഹനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി, ഹ്യുണ്ടായ്, ഹോണ്ട എന്നിവയും വേരിയന്റും മോഡലും അനുസരിച്ച് കാറുകളുടെ വില 2,000 രൂപ മുതൽ 15,000 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഹോണ്ട കാർസ് ഇന്ത്യ എൻട്രി ലെവൽ കോംപാക്ട് സെഡാൻ അമേസിന്റെ വില ഏപ്രിൽ മുതൽ 12,000 രൂപ വരെയാണ് വർധിപ്പിച്ചത്.ുഹീറോ മോട്ടോകോർപ്പ് തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില ഏപ്രിൽ 1 മുതൽ ഏകദേശം രണ്ട് ശതമാനമാണ് വർധിപ്പിച്ചത്.മലിനീകരണചട്ടങ്ങളുടെ ഭാഗമായുള്ള പരിഷ്‌കരണം,പണപ്പെരുപ്പം എന്നിവ കണക്കിലെടുത്ത് വിവിധ മോഡലുകളുടെ വില വർധിപ്പിക്കുമെന്ന് മാരുതി സുസുകിയും നിലപാട് വ്യക്തമാക്കിയിരുന്നു.

