കോഴിക്കോട് നല്ലളത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. അധ്യാപകനെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്

കോഴിക്കോട്: കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് അറസ്റ്റിലായത് ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ പിറന്നാളിന് സമ്മാനം നല്‍കാമെന്ന് പറഞ്ഞതാണ് അധ്യാപകന്‍ സജീന്ദ്ര ബാബു പീഡിപ്പിക്കാൻ ശ്രമിച്ചത്. സമ്മാനം വീട്ടിലായതിനാല്‍ കൂടെ വരണമെന്ന് അധ്യാപകൻ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടു. ബൈക്കില്‍ കുട്ടിയെയും കൂട്ടി വീട്ടിലെത്തിയശേഷമാണ് അധ്യാപകന്‍ മോശമായി പെരുമാറാന്‍ തുടങ്ങിയത്. പീഡനശ്രമം കുട്ടി ചെറുത്തു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടി ബന്ധുവിനോട് വിവരം പറയുകയായിരുന്നു. വീട്ടുകാരാണ് സ്കൂളില്‍ വിവരമറിയിച്ചത്. സ്കൂള്‍ അധികൃതര്‍ ഇക്കാര്യം നല്ലളം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്തശേഷം പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത നല്ലളം പൊലീസ് സജീന്ദ്ര ബാബുവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്തു.

അതേസമയം, പാലക്കാട്‌ മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിക്ക് മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അന്വേഷണ സംഘത്തിന് മുന്നിൽ 10 വിദ്യാർത്ഥികൾ കൂടി മൊഴി നൽകി. പൂർവ വിദ്യാർത്ഥികളിൽ നിന്നു കൂടി വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. മൊഴി നൽകുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കുമെന്നും കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തുമെന്നും സിഡബ്ല്യുസി ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിമാൻഡിൽ കഴിയുന്ന സംസ്കൃത അധ്യാപകൻ അനിൽ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് 10 വിദ്യാർത്ഥികളുടെ മൊഴി. കേസ് അന്വേഷിക്കാൻ നിയോഗിച്ച വനിതാ പൊലീസ് സംഘത്തിന് മുമ്പാകെയാണ് കുട്ടികളുടെ തുറന്നുപറച്ചിൽ. നേരത്തെ അഞ്ചുകുട്ടികളും സമാനമായി സിഡബ്വ്യുസിക്ക് മുമ്പാകെ മൊഴി നൽകിയിരുന്നു. പുതുതായി മൊഴി നൽകിയ വിദ്യാർത്ഥികളെ സിഡബ്ല്യുസിടെ കൗൺസിലിംഗിന് വിധേയമാക്കിയശേഷം കേസ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. 

കൂടുതൽ വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡിബ്ല്യുസി ചെയർമാൻ എം സേതുമാധവൻ പറഞ്ഞു.രക്ഷിതാക്കൾക്ക് പ്രത്യേക കൗൺസിലിങ്ങ് ഏർപ്പെടുത്തും. ട്രോമ അവസ്ഥയിലുള്ള കുട്ടികൾക്ക് ചൈൽഡ് സൈക്കോളജിസ്റ്റിന്‍റെ പിന്തുണ നൽകാനും സിഡബ്ല്യുസി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ കുട്ടികളെയും അനിൽ ലൈംഗികമായി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് നിഗമനം. പീഡന വിവരമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാത്തതിൽ സ്കൂളിലെ അധ്യാപകരെയും കേസിൽ പ്രതിചേർക്കും. ആറുവർഷം മുമ്പാണ് പ്രതി സ്കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്.

YouTube video player