
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ മാസങ്ങളായിട്ടും പാലിച്ചില്ലെന്ന് ഇരയുടെ കുടുംബം. പുനർവിചാരണയ്ക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും സർക്കാർ നിയമിച്ചിട്ടില്ല. കേസിൽ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൂന്നുവർഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പ്രതിചേർക്കപ്പെട്ട അർജ്ജുനെ, തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 14ന് കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. വിധിക്കെതിരെ ജനരോഷം ശക്തമായപ്പോൾ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ മാസം എട്ടുകഴിഞ്ഞിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിച്ചിട്ടില്ല. പ്രോസിക്യൂട്ടറെ നിർദ്ദേശിക്കാൻ പെൺകുട്ടിയുടെ കുടുംബത്തോട് തന്നെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പേര് നിർദ്ദേശിച്ചെങ്കിലും പരിഗണനയിൽ എന്ന മറുപടി മാത്രമാണ് കിട്ടിയത്.
പുനർവിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇടുക്കി എംപിയുടെ ഇടപെടൽ. പെൺകുട്ടിയുടെ പിതാവിൻ്റെ ആവശ്യങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് കുടുംബം ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രോസിക്യൂഷന് വിചാരണക്കോടതിയിൽ വീഴ്ച പറ്റിയതുൾപ്പെടെ ഹൈക്കോടതിയിൽ തെളിയിക്കാൻ സാധിക്കുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam